ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം അലിപ്പറമ്പ കൂട്ടുവിലാക്കൽ അജ്മൽ റഷീദിനെയാണ് (26) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ്, വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ്സൺ, പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് രണ്ടിന് രാത്രി 10 മണിയോടെ തട്ടികൊണ്ടുപോയത്. പ്രതികൾ വഴിയരികിൽ കാർ നിർത്തി വണ്ടിയിലേക്ക് ചായ കൊണ്ടുവരാനാവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തതിന് ശേഷം തിരിഞ്ഞുനടന്ന തൊഴിലാളിയെ റോപ്സൺ വാഹനത്തിലേക്ക് വലിച്ചുകയറ്റി സംഘം എറണാകുളം ഭാഗത്തേക്ക് പോയി. പോകുന്ന വഴി കണ്ണ് കെട്ടി. 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം തൊഴിലാളിയുടെ മൊബൈൽ ബലമായി വാങ്ങിയെടുത്ത് പുലർച്ചെ കലൂർ ഭാഗത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ അജ്മൽ റഷീദിന്റെതാണ്. എറണാകുളത്ത് എം.ഡി.എം.എ പിടിച്ച കേസിൽ ആറുമാസം ജയിലിലായിരുന്നു. ബാംഗ്ലൂർ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. ടാക്സി ഡ്രൈവറാണ്.
റോപ്സണുമായി പരിചയമുള്ളയാളാണ് തൊഴിലാളി. ഡിവൈ.എസ്.പി എ. പ്രസാദ്, എസ്.ഐമാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ എ.എസ്.ഐ കെ.എ. നൗഷാദ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എ.എം. ഷാനിഫ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.