ആലുവ: മുസ്ലിം ലീഗ് ജില്ല നേതൃത്വം ഇന്ന് നടത്തുന്ന ജില്ല കൺവെൻഷനിൽ എതിർ വിഭാഗവും പങ്കെടുത്തേക്കും. കബീർ വിഭാഗത്തിെൻറ നിയന്ത്രണത്തിലുള്ള ജില്ല കമ്മിറ്റി നടത്തുന്ന കൺവെൻഷനിൽ വിട്ടുനിൽക്കാൻ എതിർപക്ഷം നീക്കം നടത്തിയിരുന്നു. എന്നാൽ, ഇതിന് ജില്ല നേതൃത്വം തന്ത്രപൂർവം തടയിടുകയായിരുന്നു. സംസ്ഥാന നേതാക്കളുടെ സഹകരണത്തോടെയാണ് ഇബ്രാഹീംകുഞ്ഞ് വിഭാഗത്തിെൻറ നീക്കത്തെ തകർത്തത്. ഇതോടെ ഇബ്രാഹീംകുഞ്ഞ് ഉൾപ്പെടെ നേതാക്കളും പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ പ്രിയദർശിനി ഹാളിലാണ് പരിപാടി.
ഔദ്യോഗിക കൺെവൻഷന്‍ ബദലായി 14ന് ഇതേ ഹാളിൽ വിഷ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ പേരിൽ ഇബ്രാഹീംകുഞ്ഞ് വിഭാഗം കൺെവൻഷൻ ചേർന്നിരുന്നു.
ആ പരിപാടി വലിയ വിജയമായി. ഇതിലെ ആപത്ത് കണ്ടറിഞ്ഞ ജില്ല നേതൃത്വം ഉടനെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച് തങ്ങൾക്ക് അനുകൂല നിലപാട് എടുപ്പിച്ചതായാണ് അറിയുന്നത്. കളമശ്ശേരിയിലെ പരാജയത്തിനുശേഷം പരസ്പരം പരാതികളുമായി സംസ്ഥാന നേതാക്കളെ ഇരുവിഭാഗവും സമീപിച്ചിരുന്നു.
ഗഫൂറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും പകരം കബീർ വിഭാഗക്കാരനായ ഹംസ പറക്കാടന്‍ സ്ഥാനം നൽകുകയും ചെയ്തു. 16 അംഗ ജില്ല ഭാരവാഹികളിൽ ആറുപേർ ഇബ്രാഹീംകുഞ്ഞ് പക്ഷക്കാരും പത്തുപേർ ടി.എ. അഹമദ് കബീർ വിഭാഗവുമാണ്. ജില്ല ജനറൽ സെക്രട്ടറി സ്ഥാനവും കബീർ പക്ഷത്തിന് ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ അബ്ദുൽ ഗഫൂർ പരാജയപ്പെട്ടതോടെ ഇബ്രഹീംകുഞ്ഞ് വിഭാഗം ഭാരവാഹി യോഗങ്ങളിൽ പങ്കെടുക്കാതായി. ഇതിനിടെ, കളമശ്ശേരിയിലെ പരാജയമടക്കമുള്ള കാര്യങ്ങളിൽ ഈ വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും കാര്യമായ പരിഗണന ലഭിച്ചില്ല.
അതുകൊണ്ട് തന്നെ ജില്ല കൺെവൻഷൻ ബഹിഷ്കരിക്കാനും ഗ്രൂപ്പ് ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങളുമായി ഗ്രൂപ്പ് നേതാക്കൾ മുന്നോട്ടുപോകുകയായിരുന്നു.
ഇതിനിടയിൽ കൺെവൻഷൻ മാറ്റിവെപ്പിക്കാനുള്ള ശ്രമവും ഇതിൽ പങ്കെടുക്കുന്ന സംസ്ഥാന നേതാക്കളെ തടയാനുള്ള നീക്കവും ഇബ്രാഹീംകുഞ്ഞ് വിഭാഗം നടത്തിയതായും എതിർപക്ഷം ആരോപിക്കുന്നു. കഴിഞ്ഞദിവസം പരാതിയുമായി പാണക്കാട് എത്തിയ വിമത നേതാക്കളോട്, പാർട്ടി പരിപാടിയിൽ പങ്കെടുക്കുവാനും അതുകഴിഞ്ഞ് ചർച്ചയാകാമെന്നും നേതൃത്വം നിർദേശിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.