ആലുവ: ചീരയെന്ന് കരുതി ഉമ്മത്തിെൻറ ഇല കറിവെച്ചു കഴിച്ച അമ്മൂമ്മക്കും കൊച്ചുമകൾക്കും വിഷബാധയേറ്റു. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മക്കും 14 കാരിയായ കൊച്ചുമകൾ മരിയ ഷാജിക്കുമാണ് വിഷബാധയേറ്റത്. മരിയ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപെത്ത ആശുപത്രിയിലും ചികിത്സ തേടി. ലോക്ഡൗണായതിനാൽ പറമ്പിൽ കണ്ട ചീരയെന്ന് തോന്നിക്കുന്ന ചെടി കറി വെക്കുകയായിരുന്നു. കറിെവച്ചത് ഉമ്മം എന്ന ഡാറ്റ്യൂറ ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ളതാണിത്.
വീട്ടിൽ വയോധികയും അർബുദം ബാധിച്ച് കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസം. കറി കഴിച്ച് അൽപസമയം കഴിഞ്ഞതോടെ മുത്തശ്ശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഛർദിക്കാനും പരസ്പരബന്ധമില്ലാത്തതു പറയുകയും ബഹളം വെക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയിച്ചത്. ഉടൻ മകളും കുടുംബവും സ്ഥലത്തെത്തി. 14 കാരിയായ മകളെ മുത്തച്ഛന് കൂട്ടായി വീട്ടിൽ നിർത്തിയാണ് ഇവർ ആശുപത്രിയിൽ പോയത്.
ഇതിനിടെ, കുട്ടി അമ്മൂമ്മ ഉണ്ടാക്കിെവച്ച കറിയും കൂട്ടി ഭക്ഷണം കഴിക്കുകയായിരുന്നു. സമാനലക്ഷണങ്ങൾ കാണിച്ചതോടെ നാട്ടുകാർ കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചു. പരസ്പരബന്ധമില്ലാത്തതു പറയുകയും ബഹളം വെക്കുകയും ചെയ്ത കുട്ടിക്ക് നല്ല പനിയുമുണ്ടായിരുന്നു. കൃഷ്ണമണികൾ വികസിച്ചിരുന്നു. മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് കുട്ടി കാണിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്ന ഡോക്ടറുടെ അന്വേഷണമാണ് സംഭവം വിഷബാധയാണെന്ന സംശയം തോന്നാൻ കാരണം.
അമ്മൂമ്മയെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കറിെവച്ചത് ഉമ്മത്തിെൻറ ഇലയാണെന്ന് മനസ്സിലാകുന്നത്. ആമാശയത്തിൽനിന്നുള്ള ഭക്ഷണം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ വിഷബാധ സ്ഥിരീകരിച്ചു.
എമർജൻസി വിഭാഗം കൺസൾട്ടൻറ് ഡോ. ജൂലിയസ്, പീഡിയാട്രിക് വിഭാഗം കൺസൾട്ടൻറ് ഡോ. ബിപിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ നില മെച്ചപ്പെട്ട കുട്ടി ആശുപത്രി വിട്ടു. അർബുദ ബാധിതനായ അപ്പൂപ്പന് മൂക്കിലെ ട്യൂബിലൂടെ ദ്രവരൂപത്തിെല ഭക്ഷണമാണ് നൽകുന്നതെന്നതിനാൽ അദ്ദേഹം കറി കഴിച്ചിരുന്നില്ല.
വിഷച്ചെടി; പച്ചച്ചീരയോട് സാദൃശ്യം
പച്ചച്ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്ന ശാസ്ത്രീയനാമമുള്ള ഉമ്മത്തിെൻറ ഇലകൾ. തണ്ടുകളിൽ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാൽ ചീരയാണെന്നേ തോന്നൂ. മനുഷ്യെൻറയോ കന്നുകാലികളുടെയോ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് രാജഗിരി ആശുപത്രിയിലെ ഡോ. ബിപിൻ ജോസ് പറഞ്ഞു.
പറമ്പിലും മറ്റും വളരുന്ന എല്ലാെചടികളും ഭക്ഷ്യയോഗ്യമല്ല. രൂപസാദൃശ്യമുള്ള ചെടികൾ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.