ആലുവ: പുനർനിർമാണം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇപ്പോഴും അസൗകര്യങ്ങളെന്ന് ആക്ഷേപം. 14.5 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു ആധുനിക രീതിയിലുള്ള നവീകരണം. ഇതിനായി അഞ്ചുവർഷത്തിലേറെയാണ് സ്റ്റാൻഡ് അടച്ചിട്ടത്. കാൻറീൻ, ശൗചാലയം, വിശ്രമമുറികൾ, ഓഫിസുകൾ, സ്റ്റാളുകൾ തുടങ്ങി പ്രഖ്യാപിക്കപ്പെട്ടതും അത്യാവശ്യമുള്ളതുമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലില്ലാത്തത്. വലിയ രീതിയിലുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ഒന്നാം നിലയിൽ അഞ്ച് ഓഫിസ് റൂം, 43 സീറ്റുള്ള വിശ്രമമുറി, നാല് ടോയ്ലറ്റുകൾ നാല് യൂറിനലുകളുള്ള പുരുഷ വിശ്രമമുറി, നാല് ടോയ്ലറ്റുള്ള സ്ത്രീകളുടെ വിശ്രമമുറി, അംഗപരിമിതർക്കുള്ള ടോയ്ലറ്റ് എന്നിവയും ഒന്നാം നിലയിലേക്ക് രണ്ടു ലിഫ്റ്റും അഗ്നിശമന സാമഗ്രികൾ, മലിനജല സംസ്കരണ പ്ലാൻറ് തുടങ്ങിയവയും സ്ഥാനം പിടിച്ചിരുന്നു.
എന്നാൽ, നിർമാണം പൂർത്തിയാക്കിയപ്പോൾ ഇവയിൽ ഭൂരിഭാഗവും പ്ലാനിൽ മാത്രം അവശേഷിച്ചു. വലിയൊരു കെട്ടിടം മാത്രമാണ് നിർമാണം പൂർത്തിയായത്. മറ്റ് നിർമാണങ്ങൾ ഇഴയുകയാണ്. അഗ്നിശമന സാമഗ്രികളുടെ ഫിറ്റിങ് പൂർത്തിയായിട്ടില്ല. അതിനാൽതന്നെ ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസായിട്ടില്ല. ഓഫിസുകൾ ഇപ്പോഴും പഴയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, ഫർണിച്ചർ തുടങ്ങിയവ ഒരുക്കാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയാത്തത്. വിശ്രമമുറിയോ ഇരിപ്പിടമോ ഇല്ലാത്തതിനാൽ യാത്രക്കാർ ഉച്ചസമയങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലേൽക്കുകയാണ്.
പ്രധാന കെട്ടിടത്തിന് പുറമെയുള്ള ശൗചാലയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതേയുള്ളൂ. കാന്റീൻ ഇല്ലാത്തതിനാൽ കൂടുതൽ സമയം വിശ്രമമുള്ള ബസിലെ ജീവനക്കാർ മറ്റ് ബസിൽ അങ്കമാലി സ്റ്റാൻഡിലെത്തി അവിടത്തെ കുടുംബശ്രീ കാന്റീനിൽ നിന്നുമാണ് ഭക്ഷണം കഴിച്ചുവരുന്നത്. സ്റ്റാൻഡിലെ രണ്ട് ഹംപുകൾ യാത്രക്കാരുടെയും ബസുകളുടെയും നടുവൊടിക്കുന്നതാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.