ആലുവ: കുറ്റകൃത്യങ്ങൾ കൂടുതൽ നടക്കുന്ന ആലുവ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടുതൽ പൊലീസുകാർ. റൂറൽ ജില്ലക്കകത്ത് നടത്തിയ പൊലീസ് സ്ഥലം മാറ്റങ്ങളിലാണ് ഇരു സ്റ്റേഷനുകളിലേക്കും കൂടുതൽ പേരെ നിയമിച്ചത്. എന്നാൽ, ആവശ്യമുള്ളതിന്റെ പകുതിപോലും ഉദ്യോഗസ്ഥരെ ഇപ്പോഴും ലഭിച്ചിട്ടില്ല.
സംസ്ഥാനത്തുതന്നെ വളരെ കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേഷനുകളാണ് ആലുവ ഈസ്റ്റും പെരുമ്പാവൂരും. ആലുവയിൽ വി.ഐ.പി ഡ്യൂട്ടിയടക്കം മറ്റ് ഉത്തരവാദിത്തങ്ങളും കൂടുതലാണ്.
എന്നാൽ, അതിനനുസരിച്ച് അംഗബലം ഇരു സ്റ്റേഷനിലുമില്ല. റൂറൽ ജില്ല പൊലീസ് ആസ്ഥാന നഗരമായിട്ടും ആലുവയിൽ കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ കഴിയാത്തത് പൊലീസ് അധികൃതർക്കും നാണക്കേടാണ്. ലഹരി ഇടപാടുകൾ, കൊലപാതകം, കവർച്ച, പീഡനം, തട്ടിക്കൊണ്ടുപോകൽ, പോക്സോ, ഗുണ്ട പ്രവർത്തനം, മണൽ മാഫിയ തുടങ്ങി ഗൗരവമുള്ള കേസുകൾ ആലുവയിൽ നിത്യസംഭവമാണ്.
എന്നാൽ, ഇത് തടയുന്നതിനോ കേസ് അന്വേഷണത്തിനോ ജനങ്ങൾക്ക് സുരക്ഷിതമായ ക്രമസമാധാനം ഉറപ്പാക്കുന്നതിനോ ആവശ്യമായ അംഗബലം ഇല്ലാതെ ആലുവ പൊലീസ് വട്ടംകറങ്ങുകയാണ്. കുറ്റകൃത്യങ്ങൾ ഇത്രയധികം വർധിക്കുന്നതിന് മുമ്പ് നിലവിലുള്ളതിനെക്കാൾ അംഗബലം ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് ക്രമേണ അംഗബലം കുറഞ്ഞു. 2016ന് മുമ്പ് ആലുവ സ്റ്റേഷനിൽ 102 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ 36പേർ മാത്രമാണുള്ളത്. ആലുവ വിഭജിച്ച് എടത്തലയിലും ആലങ്ങാടും പുതിയ സ്റ്റേഷനുകൾ സ്ഥാപിച്ചെങ്കിലും പുതുതായി പൊലീസ് ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പകരം ആലുവയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുതിയ സ്റ്റേഷനുകളിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇത്തരത്തിൽ അറുപതോളം പേരെയാണ് രണ്ടിടത്തേക്കുമായി നിയോഗിച്ചത്.
പുതിയ സ്ഥലംമാറ്റത്തിൽ ആലുവയിൽനിന്ന് ആരെയും മാറ്റിയില്ലെന്നത് മാത്രമാണ് ആശ്വാസം. ഇവിടേക്ക് 17പേരെ അധികമായി അനുവദിച്ചപ്പോൾ പെരുമ്പാവൂരിൽനിന്ന് മൂന്നുപേരെ സ്ഥലംമാറ്റി 16പേരെ നൽകി.
ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന സ്ഥലമെന്ന നിലയിൽ അങ്കമാലി സ്റ്റേഷനിലേക്ക് പുതുതായി ഒമ്പതുപേരെ നിയമിച്ചപ്പോൾ രണ്ടുപേരെ സ്ഥലംമാറ്റി. കാലടിയിലേക്ക് മൂന്നും നെടുമ്പാശ്ശേരി, ആലുവ വെസ്റ്റ് എന്നിവിടങ്ങളിലേക്ക് രണ്ടും പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. ആലുവ, പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിലേക്ക് മാത്രമായി അധികമായി ലഭിച്ചത് 37 പേരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.