ആലുവ: ജീവിതം തകർക്കുന്ന ഒൺലൈൻ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇത്തരം ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുമ്പോട്ടുപോവുകയാണ് പൊലീസ്.
5,000 മുതൽ 10,000 രൂപ വരെയുള്ള വായ്പകൾക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘത്തെ പലരും ബന്ധപ്പെടുന്നത്. ഇവർ ആദ്യം ഒരു ആപ്പോ, ലിങ്കോ അയച്ചുനൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്ട്സ് കവരുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഗ്യാലറി, മെസേജുകൾ ഇവയും സ്വന്തമാക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെയാണ്. ഇങ്ങനെ നൽകിയ പാൻ കാർഡ് ഉപയോഗിച്ച് കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ കേസുണ്ട്. തട്ടിപ്പുസംഘം നേരിട്ടല്ല ഇത്തരം ലോണുകൾ നൽകുന്നത്. 5000 രൂപ ലോണെടുക്കുന്നവർക്ക് 3500 രൂപയാണ് ലഭിക്കുക. പലിശയടക്കം 25,000വും 50,000വും തിരിച്ചടച്ചിട്ടും തീരാത്തവർ നിരവധിയാണ്. തിരിച്ചടവ് വൈകിയാൽ പ്രശ്നങ്ങൾ തുടങ്ങും. ആദ്യം മൊബൈലിലുള്ള നമ്പറുകളിലേക്ക് ലോൺ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം അയക്കും. തുടർന്ന് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളും തുടർന്ന് ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും അയക്കും. ലോൺ തിരിച്ചടക്കാൻ കഴിയില്ലെങ്കിൽ സമാന ലോൺ ആപ്പുകളെ പരിചയപ്പെടുത്തുകയും അവരിലൂടെ പുതിയ ലോൺ എടുക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. തട്ടിപ്പിനിരയായാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണം. 1930 എന്ന നമ്പറിലും പരാതി നൽകാം.
ഇതിനിടെ, ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് കുറുപ്പംപടിയിൽ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സൈബർ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്തിന്റെ മേൽനോട്ടത്തിൽ കുറുപ്പംപടി എസ്.എച്ച്.ഒ വി.എം കേഴ്സൻ ഉൾപ്പെടുന്ന 15 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.