ആലുവ: ശിവരാത്രി വ്യാപാരോത്സവത്തോടനുബന്ധിച്ച് മണപ്പുറത്ത് ഒരു വശത്ത് നിർമാണവും മറുവശത്ത് പൊളിക്കലും തകൃതി. വ്യാപാരോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. നഗരസഭ കരാർ നൽകിയിരുന്ന ബംഗളൂരു ആസ്ഥാഥാനമായ ഫൺ വേൾഡ് കമ്പനി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധിയുടെ അടിസ്ഥാനത്തിൽ സ്റ്റാളുകളുടെയും അമ്യൂസ്മെൻറ് പാർക്കുകളുടെയും നിർമാണവുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇതിനിടയിലാണ് ടെൻഡറിൽ കൂടുതൽ തുക വാഗ്ദാനം ചെയ്തിരുന്ന ഷാ ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായത്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്ത് ശിവരാത്രി വ്യാപാരമേളക്കും അമ്യൂസ്മെന്റ് പാർക്കിനും നടത്തിയ പണികൾ ബംഗളൂരു ആസ്ഥാനമായ ഫൺ വേൾഡ് പൊളിച്ചുതുടങ്ങിയത്. മറു വശത്ത് പൊലീസ് സംരക്ഷണത്തിൽ കൊല്ലം ആസ്ഥാനമായ ഷാ എന്റർടെയ്ൻമെന്റ് ഗ്രൂപ്പ് പണികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ സുപ്രീം കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫൺ വേൾഡ് സുപ്രീം കോടതിയിൽ നൽകിയ ഹരജി തിങ്കളാഴ്ച തള്ളുകയും ചെയ്തു.
പൊളിക്കുന്നതിന് വേഗത കുറവാണെന്നാരോപിച്ച് ഷാ ഗ്രൂപ്പുകാർ രംഗത്തെത്തിയത് ശനിയാഴ്ച രാത്രി തർക്കത്തിന് കാരണമായിരുന്നു. തുടർന്ന് ആലുവ സി.ഐ മഞ്ജുനാഥും സംഘവും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സാധനസാമഗ്രികൾ നീക്കുന്നതിന് 30ഓളം തൊഴിലാളികളെ നൽകാമെന്ന ഷാ ഗ്രൂപ്പിന്റെ വാഗ്ദാനം ഫൺ വേൾഡ് നിരാകരിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
സുപ്രീം കോടതി വിധിക്കെതിരെ നൽകിയിരുന്ന അപ്പീലിലായിരുന്നു ഫൺ വേൾഡിന്റെ പ്രതീക്ഷ. 90 ശതമാനത്തോളം പണികൾ തങ്ങൾ പൂർത്തീകരിച്ചെന്നതായിരുന്നു ഇവരുടെ പ്രധാന ന്യായീകരണം. എന്നാൽ, ഇതിനെയെല്ലാം പാടെ അവഗണിച്ചാണ്, വെള്ളിയാഴ്ചയിലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ തിങ്കളാഴ്ച ബെഞ്ച് വിസമ്മതിച്ചത്. ടെൻഡറിൽ 1.17 കോടി രൂപ ക്വാട്ട് ചെയ്തിരുന്ന ഷാ എന്റർടെയ്ൻമെന്റിനെ ഒഴിവാക്കി 77 ലക്ഷം രൂപക്ക് ഫൺ വേൾഡിന് കരാർ നൽകിയതിനെതിരെ ഷാ ഗ്രൂപ്പ് ഹൈകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി കഴിഞ്ഞ 20ന് നഗരസഭയുമായി കരാർ ഉണ്ടാക്കിയെങ്കിലും 21ന് ഹൈകോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.
ഈ സ്റ്റേയാണ് വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് ഫൺ വേൾഡ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചത്. എക്സിബിഷനുമായി ബന്ധപ്പെട്ട 90 ശതമാനം പണിയും കഴിഞ്ഞതായും അതിനാൽ കരാറുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും ഫൺ വേൾഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എക്സിബിഷനുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്ത് സ്ഥാപിച്ച സാധനങ്ങൾ ചൊവ്വാഴ്ച വൈകുന്നേരത്തിനകം മാറ്റാൻ ഫൺ വേൾഡിന് സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.