ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി കൗണ്ടർ പ്രവർത്തിക്കുന്നില്ല

ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ കൗണ്ടർ പ്രവർത്തനം നിലച്ചിട്ട് കാലങ്ങളായി. ഇതുമൂലം ബസുകൾ സ്റ്റാൻഡിൽ കയറുന്നില്ല. ആലുവ ഡിപ്പോക്ക് കീഴിലുള്ളതാണ് ഈ സ്റ്റേഷൻ.

എന്നാൽ, ഡിപ്പോയിൽ ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്ററില്ലെന്ന പേരിൽ കോവിഡിനുമുമ്പ് പലപ്പോഴും അടച്ചിടുകയായിരുന്നു പതിവ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന ശേഷം ഓഫിസ് ഇതുവരെ തുറന്നിട്ടില്ല. മുമ്പ് കണ്ടക്ടർമാരെ ഉപയോഗിച്ചാണ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർമാരുടെ മറ്റ് ഡ്യൂട്ടികൾ ഒഴിവാക്കിയതോടെ സ്റ്റേഷൻ ഡ്യൂട്ടിക്ക് ആളില്ലാതായി. ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്റർമാരെ അനുവദിക്കുകയോ കണ്ടക്ടർമാരെ ഈ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കുകയോ ചെയ്താലേ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയൂ. എന്നാൽ, ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ സ്വകാര്യ ബസ് സ്റ്റാൻഡ്‌ വഴി പോകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. പറവൂർ, അങ്കമാലി, വരാപ്പുഴ, മാള തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളാണ്‌ തുടക്കത്തിൽ ഇതുവഴി കടന്നുപോയിരുന്നത്. അതോടൊപ്പം എറണാകുളത്തുനിന്ന് മൂന്നാർ, കട്ടപ്പന, കുമളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകളും ബൈപാസ് സർവിസ് റോഡിൽനിന്ന് പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ ഓപറേറ്റിങ് കൗണ്ടർ വഴി സർവിസ് നടത്തിയിരുന്നു.

അധികം താമസിയാതെ പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ഓർഡിനറി അടക്കമുള്ള ബസുകളും ഇതുവഴി സർവിസ് ക്രമീകരിച്ചു. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നേട്ടം ലഭിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യവുമായി. എന്നാൽ, ഇത് ചില റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകാർക്ക് വേണ്ടി സോണൽ ഓഫിസിൽനിന്ന് ഓപറേറ്റിങ് സെന്‍ററിനെതിരെ നേരത്തേ ചില നീക്കങ്ങൾ നടന്നിരുന്നതായ ആക്ഷേപങ്ങളുണ്ടായിരുന്നു.

ഇവിടെ ഡ്യൂട്ടിയുള്ളവർ അവധിയിൽ പോകുന്ന ദിവസങ്ങളിൽ മറ്റ് ജീവനക്കാരെ നിയമിക്കുന്നത് തടയുന്നതായും ആരോപിച്ചിരുന്നു. സ്റ്റേഷൻ പ്രവർത്തനം നിലച്ചതോടെ ബസുകൾ സ്റ്റാൻഡിൽ കയറാതായി. സ്വകാര്യ സ്റ്റാൻഡിന് മുൻവശത്ത് മാർക്കറ്റ് റോഡിൽ നിർത്തിയാണ് കെ.എസ്.ആർ.ടി.സി ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് യാത്രക്കാർക്ക് ദുരിതമാണ്.

Tags:    
News Summary - The KSRTC counter at the Aluva private bus stand is not functioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.