ആലുവയിൽ ‘ഭക്ഷണത്തിന് റേറ്റിങ് ഇടൽ ജോലി’യിലൂടെ വീട്ടമ്മയുടെ 17 ലക്ഷം തട്ടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

ആലുവ: ‘വെറൈറ്റി ഫുഡിന്’ റേറ്റിങ് ഇടുന്ന​ ജോലി എന്ന പേരിൽ ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ 17 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് മേലേ ചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദി(26)നെയാണ് റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട് ചിലരെ നേരത്തെ പിടികൂടിയിരുന്നു.

കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), ഇരുപതു വയസുള്ള രണ്ട് പേർ എന്നിവരെയാണ് നേരത്തെ സൈബർ ടീം അറസ്റ്റ് ചെയ്തത്. ഇവർ പിടിയിലായതറിഞ്ഞ് മുഹമ്മദ് സെയ്ദ് ദുബൈലേക്ക് മുങ്ങിയിരുന്നു. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ് സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് ഇതുവരെ പിടിയിലായവർ. ഇവർ പലരെ കൊണ്ടും അക്കൗണ്ട് എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷങ്ങളുടെ ഇടപാടാണ് ഈ അക്കൗണ്ടുകൾ വഴി തട്ടിപ്പ് സംഘം നടത്തുന്നത്. അക്കൗണ്ട് എടുത്ത് ഒരു നിശ്ചിത തുകയ്ക്ക് വിൽക്കുകയും അക്കൗണ്ടിൽ വരുന്ന ഒരു ലക്ഷം രൂപക്ക് 1000 രൂപ കമീഷൻ ലഭിക്കുകയും ചെയ്യും. പിടിയിലായവരിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുകളുണ്ട്. ഇതിലുടെ എത്ര രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വീട്ടിലിരുന്ന് ഓൺലൈൻ ടാസ്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എടത്തല സ്വദേശിനിയായ വീട്ടമ്മക്ക് 17 ലക്ഷം രുപ നഷ്ടമായത്. ഒരു വെബ് സൈറ്റിൽ പ്രവേശിച്ച് അതിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്തത്. ‘വെറൈറ്റി ഫുഡിന്’ റേറ്റിങ് ഇടുകയായിരുന്നു ജോലി. ഇതിലൂടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. വീട്ടമ്മക്ക് കമ്പനിയിൽ വിശ്വാസം ജനിപ്പിക്കാനാണ് തട്ടിപ്പു സംഘം പ്രതിഫലമെന്ന പേരിൽ ചെറിയ തുകകൾ നൽകിയത്.

ഉടനെ അടുത്ത ഓഫർ വന്നു. കുറച്ച് തുക ഇൻവെസ്റ്റ് ചെയ്താൽ വൻ തുക ലാഭം കിട്ടും. മൂന്നുലക്ഷം, അഞ്ചുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ ഘട്ടം ഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ അതിനും ചെറിയ തുക തിരികെക്കൊടുത്തു. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു. സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചു കൊണ്ടുമിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അതിന് സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പരാതി നൽകി.

ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലഗ്രാം വഴിയാണ്. അതിലൂടെയാണ് ഏത് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന നിർദേശം നൽകുന്നത്. ഇൻസ്പെക്ടർ വിബിൻദാസ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, എം. അജേഷ്, എ.എസ്.ഐ ടി.കെ. സലാവുദ്ദീൻ, സി.പി.ഒമാരായ ലിജോ ജോസ്, ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    
News Summary - One more arrested in online 'food rating job' scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.