ആലുവ: ബാലികയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് കടുത്ത ശിക്ഷ ലഭ്യമാക്കാനുള്ള ശ്രമത്തിൽ പൊലീസ്. പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് നീക്കം. കുറ്റകൃത്യത്തിന് ദൃക്സാക്ഷിയില്ലെന്നതാണ് ഏക പ്രതിസന്ധി.
എന്നാൽ, കൊല്ലപ്പെട്ട സ്ഥലത്തേക്ക് ഇയാൾ കുട്ടിയുമായി പോകുന്നതിന്റെയും കൃത്യം നടന്ന് താമസിയാതെ ഇവിടെനിന്ന് മടങ്ങുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പിടിവള്ളി. കുട്ടിയെ പ്രതി വീട്ടിൽനിന്ന് കടത്തിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ശക്തമായ സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾ കുട്ടിയുമായി പോകുന്നതിനെ ചോദ്യം ചെയ്തയാളാണ് പ്രധാന സാക്ഷി. പുറമെ മറ്റ് നിരവധി സാക്ഷികളുമുണ്ട്.
പഴുതുകളില്ലാതെ തയാറാക്കുന്ന കുറ്റപത്രം സെപ്റ്റംബർ ആദ്യം കോടതിയിൽ സമർപ്പിച്ചേക്കും. പ്രതിക്കായി കോടതിയിൽ ഹാജരാകാൻ അഭിഭാഷകർ ആരും എത്തിയിട്ടില്ല. പ്രതി ആവശ്യപ്പെട്ടാൽ സർക്കാർ ഭാഗത്തുനിന്ന് ഇയാൾക്ക് നിയമസഹായത്തിന് അഭിഭാഷകന്റെ സഹായം നൽകണം.
ഇയാൾക്കെതിരെ ഡൽഹിയിൽ മാനഭംഗശ്രമ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷമാണ് പ്രതി ആലുവയിൽ കൊലപാതകം നടത്തിയത്. അതിനാൽതന്നെ ജാമ്യത്തിൽ വിടുന്നത് അപകടമാണെന്ന നിലപാടിലാണ് പൊലീസ്.
ജാമ്യം ലഭിക്കാതെ എത്രയും വേഗം വിചാരണ പൂർത്തിയാക്കാനാണ് കുറ്റപത്രം വേഗം സമർപ്പിക്കാനൊരുങ്ങുന്നത്. ആലുവ കേസിൽ ഇയാൾക്ക് സഹായികളായി മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ബന്ധുക്കളെ വിവരം അറിയിച്ചുവെങ്കിലും നിയമസഹായത്തിന് ആരും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.