ആലുവ: അശാസ്ത്രീയ നിർമാണ പദ്ധതികളിൽ പൊടിഞ്ഞുതീരുന്നത് കോടികൾ. ആലുവ ജില്ല ആശുപത്രിയിലെ കെട്ടിട നിർമാണമാണ് പണവും സ്ഥലവും പാഴാക്കുന്നത്. നഗരഹൃദയത്തിൽ വലിയൊരു പ്രദേശത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാൽ, കോടികൾ വിലമതിക്കുന്ന ഭൂമി വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ല. തോന്നിയപോലുള്ള നിർമാണങ്ങൾ മൂലം സ്ഥലം പാഴാകുകയും ചെയ്യുന്നു. ഏക്കർ കണക്കിന് സ്ഥലമുണ്ടെങ്കിലും കെട്ടിടങ്ങൾ പലയിടത്തായി കിടക്കുകയാണ്. ലേബർ റൂം നവീകരികരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാറിെൻറ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. 1.97 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. മൂന്ന് മാസം മുമ്പാണ് നിർമാണം ആരംഭിച്ചത്. പതിവുപോലെ നിലവിലുള്ള ലേബർ റൂമിെൻറ ഒരു ഭാഗം പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ആവശ്യത്തിലേറെ സ്ഥലം ഇപ്പോഴും ആശുപത്രിയിലുണ്ട്. അതിനാൽ മറ്റൊരിടത്ത് ഈ കെട്ടിടം നിർമിച്ചാൽ പൊളിക്കാൻ ചെലവാക്കുന്ന തുക ലാഭിക്കാം. മാത്രമല്ല, പഴയ കെട്ടിടം നിലനിർത്തുകയും ചെയ്യാം. ഇത്തരത്തിൽ പുതിയ കെട്ടിടം നിർമിക്കുകയാണെങ്കിൽ കൂടുതൽ സൗകര്യം ലഭിക്കും. ഭാവിയിൽ മുകളിൽ ഒന്നോ രണ്ടോ നിലകൂടി പണിയാൻ കഴിയുന്ന വിധത്തിൽ കൂടുതൽ ഉറപ്പോടെ അടിത്തറ നിർമിക്കുകയും ചെയ്യാം.
അക്വാട്ടിക് പൂൾ നിർമിച്ചത് ഓപൺ എയർ സ്റ്റേജ് പൊളിച്ച്
ഹീമോഫീലിയ സെൻററിനായി അക്വാട്ടിക് പൂൾ നിർമിച്ചതും ഇതേ അവസ്ഥയിലാണ്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മാനസിക ഉല്ലാസത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഓപൺ എയർ സ്റ്റേജിെൻറ ഒരു ഭാഗം പൊളിച്ചാണ് അക്വാട്ടിക് പൂൾ നിർമിച്ചത്. ഇതിപ്പോൾ ശുചീകരണമൊന്നുമില്ലാതെ കാടുകയറി കിടക്കുകയാണ്. പുറമെ സ്റ്റേജിെൻറ മേൽക്കൂരയെല്ലാം പൊളിച്ചുനീക്കി. ടൈലുകളെല്ലാം പുല്ല് വളർന്ന് മൂടിപ്പോയി.
വരുമാനം നേടാവുന്ന ഭൂമി
ജില്ല ആശുപത്രി വളപ്പിൽ 15ഓളം കെട്ടിടങ്ങളുണ്ടെങ്കിലും ജില്ല ആശുപത്രിയുടെ നിലവാരത്തിൽ വളരെ കുറച്ച് കെട്ടിടങ്ങൾ മാത്രമാണുള്ളത്. കാലപ്പഴക്കം ചെന്ന ചെറുകെട്ടിടങ്ങൾ ഒഴിവാക്കി ഏതെങ്കിലും ഒരു ഭാഗത്തായി ബഹുനില കെട്ടിടം നിർമിച്ചാൽ കൂടുതൽ സൗകര്യം ലഭിക്കും. അവശേഷിക്കുന്ന ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിച്ച് വരുമാനം നേടാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.