ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണിയായി നിലനിർത്തണമെന്ന കോടതി വിധിക്കും അതിലേക്ക് നയിച്ച കർഷക സമരത്തിനും അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു. 10 ഏക്കറോളം വരുന്ന തുമ്പിച്ചാൽ സംരക്ഷിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് 1968ൽ ഈ സംഭരണി കർഷക സംഘം പ്രസിഡന്റ് കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ അറുപതിലധികം പേർ വരുന്ന സംഘം തുമ്പിച്ചാൽ ചക്രം ചവിട്ടി വറ്റിച്ച് നടുവിൽ വെള്ളച്ചാലുകൾ കീറി കൃഷി ഇറക്കുകയായിരുന്നു. തുമ്പിച്ചാൽ കൈയേറി ഉടമസ്താവകാശം സ്ഥാപിക്കാൻ ശ്രമിച്ചതിനെ ഭൂവുടമകൾ എതിർത്തതോടെ സംഘർഷവും സമരവുമായി. നിയമസഭ വരെ എത്തിയ1968 ലെ കൈയേറ്റ സമരം ജനശ്രദ്ധ നേടിയിരുന്നു. കൈയേറ്റക്കാരെ ഒഴിപ്പിച്ച ശേഷം മാസങ്ങളോളം ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തി. കോടതിയിലെ നാളുകൾ നീണ്ട വാദങ്ങൾക്ക് ശേഷം തുമ്പിച്ചാൽ കീഴ്മാട് പഞ്ചായത്തിന്റെ ജലസംഭരണിയാണെന്നും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും പെരുമ്പാവൂർ കോടതി ഉത്തരവിട്ടു. കോടതി വിധി ഉണ്ടായിട്ടും തുമ്പിച്ചാലും വട്ടച്ചാലും ആരും സംരക്ഷിക്കാതെ നാശത്തിന്റെ വക്കിലാണ്.
ചളിയും പുല്ലും വിഷമാലിന്യങ്ങളും നിറഞ്ഞ് നശിക്കുകയാണ് പത്ത് ഏക്കറുള്ള തുമ്പിച്ചാലും മൂന്നര ഏക്കറുള്ള വട്ടച്ചാലും. തുമ്പിച്ചാൽ -വട്ടച്ചാൽ സംരക്ഷിക്കാൻ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് 2003 ൽ കുട്ടമശ്ശേരി ഡോ. അംബേദ്കർ ലൈബ്രറിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് സമരപരിപാടികൾ ആരംഭിച്ചു. വലിയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ 2004ൽ തുമ്പിച്ചാൽ അളന്ന് തിരിച്ച് കൈയേറ്റക്കാരെ ഒഴിപ്പിച്ചു. തുടർന്ന് പഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ആറുലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. ചളിയും പുല്ലുമെല്ലാം കോരി മാറ്റിയെങ്കിലും പിന്നീട് വീണ്ടും പുല്ലും കാടും കയറി. ജലസംഭരണികൾ കെട്ടി സംരക്ഷിക്കാൻ വേണ്ട ഒരു നടപടിയും പിന്നീടുണ്ടായില്ല.
2009 ൽ മത്സ്യകൃഷിക്കെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുടക്കിയെങ്കിലും അത് എങ്ങും എത്താതെ ഉപേക്ഷിച്ചു. തുമ്പിച്ചാലിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നത് കൈയേറ്റവും വ്യവസായ ഏരിയയിൽ നിന്നും വരുന്ന മാലിന്യം ഒഴുക്കുമാണ്. മാലിന്യമൊഴുക്ക് തടയണമെന്ന ആവശ്യം ആറാം വാർഡ് ഗ്രാമസഭയിൽ കർഷരായ രവീന്ദ്രൻ, സുരേന്ദ്രൻ തുടങ്ങിയവർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. മാലിന്യം ഒഴുക്ക് തടയണമെന്ന് 2005 ൽ ഓംബുഡ്സ്മാൻ ജസ്റ്റിസ് ചന്ദ്രശേഖരദാസ് ഉത്തരവിട്ടെങ്കിലും ഇന്നും തുടരുന്നു.
പുതിയ പഞ്ചായത്ത് ഭരണസമിതി തുമ്പിച്ചാലിനെ കുറിച്ച് പഠിക്കാൻ ബജറ്റിൽ തുക നീക്കിവെച്ചിരിക്കുന്നതും വാർഡ് മെമ്പർ ടി.ആർ.രജീഷിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടേതടക്കം തുമ്പിച്ചാൽ വിഷയം ശ്രദ്ധയിൽപ്പെടുത്തി തുമ്പിച്ചാലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പരിശ്രമിക്കുന്നത് ശുഭസൂചനയായി നാട്ടുകാർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.