ആലുവ: ജനപ്രതിനിധിയെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും വിശ്രമമില്ലാത്ത ഓടി നടന്ന നൗഷാദിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കരൾ രോഗബാധിതനായി ചികിത്സക്ക് ഉദാരമതികളുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്. ചൂർണിക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗവും കൊടികുത്തുമല മുസ്ലിം ജമാഅത്ത് അംഗവുമായ സി.പി. നൗഷാദിന്റെ (51) അകാല മരണം പ്രദേശത്തിന് തീരാനഷ്ടമാണ് നൽകിയത്.
ജനപ്രതിനിധിയെന്ന നിലയിൽ നാട്ടുകാരുടെ ആവശ്യങ്ങൾക്ക് രാപകൽ ഓടിനടക്കുന്നതിനിടയിലാണ് നൗഷാദിനെ രോഗം കീഴടക്കിയത്. ഗുരുതര കരൾ രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. മാസങ്ങൾക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട മരുന്നിന്റെ പാർശ്വഫലമായി പിന്നീട് മഞ്ഞപ്പിത്തം ബാധിച്ച് കരൾ തകരാറിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിദഗ്ധ പരിശോധനയിൽ എത്രയും പെട്ടെന്ന് കരൾ മാറ്റി വെക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിരുന്നത്. മകൻ മുഹമ്മദ് സജീദിന്റെ കരളാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. എന്നാൽ, അതിനുള്ള തുക കണ്ടെത്താൻ നൗഷാദിന്റെ നിർധന കുടുംബത്തിന് കഴിയുമായിരുന്നില്ല.
ജി.ടി.എൻ കമ്പനിയിൽ താൽകാലിക ജീവനക്കാരനായിരുന്നു നൗഷാദ്. കമ്പനി പ്രവർത്തനം നിലച്ചതിനാൽ നിലവിൽ തൊഴിലില്ലാത്ത അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ഹൃദ്രോഗവും തുടർന്ന് കരൾ രോഗവും ബാധിച്ചത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കരൾ മാറ്റിെവക്കൽ ശാസ്ത്രക്രിയക്കും നിലവിലെ ചികിത്സക്കുമെല്ലാം കൂടി 50 ലക്ഷത്തിലധികം രൂപ ചിലവാകുമെന്നാണ് കണക്കാക്കിയിരുന്നത്. വർഷങ്ങളായി പൊതുപ്രവർത്തകനായും ജനപ്രതിനിധിയായും നൂറുകണക്കിന് പേരുടെ പ്രശ്നങ്ങൾക്ക് വേണ്ടി ഓടി നടക്കുന്ന നൗഷാദിന് ഫണ്ട് കണ്ടെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു കുടുംബത്തിന്. അതിനാൽ തന്നെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് സി.പി. നൗഷാദ് ചികിത്സ സഹായ നിധി രൂപവത്കരിച്ചിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മരണം. നിലവിൽ ചികിത്സക്കും മറ്റുമായി വലിയൊരു തുക കുടുംബത്തിന് ബാധ്യതയുമുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നൗഷാദ് കോൺഗ്രസ് ആലുവ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി മേഖല സെക്രട്ടറി, സൗഹൃദവേദി രക്ഷാധികാരി തുടങ്ങിയ രാഷ്ട്രീയ സംസ്കാരിക സംഘടനങ്ങളിൽ പദവി വഹിച്ചിട്ടുണ്ട്. 2010, 2020 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് രണ്ടു തവണ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗമായി. 2015 ൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
താൻ പ്രതിനിധീകരിച്ച വാർഡുകളിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിനായിരുന്നു. ഒടുവിൽ തന്റെ സ്വപ്ന പദ്ധതിയായിരുന്ന സ്പെഷൽ കെയർ സെന്ററും യാഥാർഥ്യമാക്കിയാണ് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.