പ്രതി ജീമോൻ സെബാസ്‌റ്റ്യൻ, മർദനമേറ്റ പെട്ടിക്കടക്കാരൻ ആനന്ദൻ  

പെട്ടിക്കടക്കാരനെ മർദിച്ച്​ 6000 രൂപയുടെ സാധനം കവർന്നയാൾ​ പിടിയിൽ​; 30 ഓളം കേസിൽ പ്രതിയെന്ന്​ പൊലീസ്​

ആലുവ: പെട്ടിക്കടക്കാരനെ പറ്റിച്ച് ആറായിരം രൂപയുടെ സിഗരറ്റും മറ്റുമായി കടന്നു കളഞ്ഞ കേസിൽ യുവാവ്​ പിടിയിൽ. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്‌റ്റ്യനാണ് (26 ) ആലുവ പൊലീസിന്‍റെ വലയിൽ കുടുങ്ങിയത്. തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടർന്നാണ്​ പൊലീസ് പിടികൂടിയത്​. ഇയാൾ 30 ഓളം മോഷണ കേസുകളിൽ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു.

സെപ്തംബർ 23ന് തോട്ടക്കാട്ടുകരയിൽ ആനന്ദൻറെ കടയിൽ നിന്നാണ്​ സിനിമ ഷൂട്ടിങിനാണെന്ന് പറഞ്ഞ്​​ ഇയാൾ 6000 രൂപയുടെ സിഗരറ്റ് വാങ്ങി പറ്റിച്ചത്​. പണം നൽകാതെ പോയ ഇയാളുടെ ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെയും ചവിട്ടി താഴെ ഇട്ട് സർവിസ് റോഡിലൂടെ പ്രതി കടന്നുകളയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ആനന്ദന്​ പരിക്കേറ്റിരുന്നു.

തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തികിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാൾ സ്ഥിരം താവളം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലിൽ വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇടപ്പള്ളി ടോളിൽ നിന്ന് മൂന്ന്, അരൂരിൽ നിന്ന് ഒന്ന്, എറണാകുളം നോർത്തിൽ നിന്ന് ഒന്ന്, ആലുവയിൽ നിന്ന് ഒന്ന് വീതം ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജംഗ്ഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്.

ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങൾ ധരിച്ച് നോക്കി പണം വണ്ടിയിൽ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളിൽ നിന്നും ഇങ്ങനെ വസ്ത്രങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ട്.

എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, രാജേഷ് കുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Tags:    
News Summary - Youth arrested for stealing Rs 6,000 from street vendor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.