കാക്കനാട്: കണ്ടെയ്ൻമെൻറ് സോണിനെ ചൊല്ലിയുള്ള അവ്യക്തതയെ തുടർന്ന് വ്യാഴാഴ്ച കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖല (സെസ്) പൂർണമായും അടച്ചു. രാവിലെ ജോലിക്കെത്തിയ ജീവനക്കാർ പ്രധാന ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയത് ആശങ്കക്ക് വഴിവെച്ചു.
ഏതാനും ഓഫിസുകളിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഈ ഓഫിസുകളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കലക്ടർ പുറത്തിറക്കിയ കണ്ടെയ്ൻമെൻറ് സോണുകളുടെ പട്ടികയിൽ സെസ് എന്ന് മാത്രമാണുണ്ടായിരുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്തകളിലും വ്യക്തത ഇല്ലാതെ വന്നതോടെ സുരക്ഷാ ജീവനക്കാർ പ്രധാന കവാടം കെട്ടി അടക്കുകയായിരുന്നു.
ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയവർ അതത് കമ്പനികളിൽ വിവരമറിയിച്ചെങ്കിലും ഹാജരാകണമെന്നായിരുന്നു മറുപടി. ഇത് സുരക്ഷാ ജീവനക്കാരുമായി ചെറിയ വാക്തർക്കത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സി.ഐ.ടി.യു ഭാരവാഹികളായ എം.എം. നാസർ, അരുൺ കുമാർ എന്നിവർ എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഏതൊക്കെ കമ്പനികളാണ് മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തത വരുത്തി ഉച്ചയോടെ കലക്ടറുടെ പുതിയ പട്ടിക വന്ന ശേഷമാണ് ജീവനക്കാരെ സെസിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ അമ്പതോളം പേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് എട്ട് കമ്പനിയെയാണ് മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയത്. ഈ കമ്പനികൾ ഏഴുദിവസത്തേക്ക് അടച്ചിടാനും നിർദേശം നൽകിയിരുന്നു. പി.പി.ഇ കിറ്റുകൾ അടക്കം ആരോഗ്യ ഉൽപന്നങ്ങൾ നിർമിക്കുന്ന മൂന്ന് കമ്പനിക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടരാൻ ഉപാധികളോടെ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.