അങ്കമാലി: മണ്ഡലത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിര്‍ത്തി സമഗ്ര വികസനം നടപ്പാക്കിയതിലെ അസൂയയാണ് റോജി എം. ജോണ്‍ എം.എല്‍.എയെ ബഹിഷ്കരിക്കുമെന്ന ഇടതു മുന്നണി പ്രഖ്യാപനമെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ എം.എല്‍.എ തെറിവിളിച്ചുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ല. പച്ചക്കള്ളവും സമൂഹത്തില്‍ എം.എല്‍.എയെ ഇകഴ്ത്താനുള്ള ആസൂത്രിത നീക്കവുമാണിത്. മുഖ്യമന്ത്രിയുടെ ചെയ്തികള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.
എല്ലാ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കുമെതിരെ സംസ്ഥാന തലത്തിലാണ് ഇടതു മുന്നണി ബഹിഷ്കരണവും പ്രതിഷേധങ്ങളും നടത്തുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, അങ്കമാലി മണ്ഡലത്തെയും എം.എല്‍.എയെയും മാത്രം ആക്ഷേപിക്കുന്നതിനു പിന്നില്‍ തരംതാഴ്ന്ന രാഷ്ട്രീയമാണ്. ഇത് ജനം പുച്ഛിച്ചുതള്ളും. ബൈപാസ് അടക്കം മണ്ഡലത്തിലെ വികസനങ്ങള്‍ ഇടതുമുന്നണിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. വികസനങ്ങള്‍ എണ്ണിപ്പറഞ്ഞും ഇടതുമുന്നണിയുടെ ഗൂഢതന്ത്രങ്ങള്‍ തുറന്നുകാട്ടിയും മുനിസിപ്പല്‍, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ മാത്യു തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.എ. ഷാജി എന്നിവര്‍ പറഞ്ഞു.
എം.എല്‍.എയുടെ പൊതുചടങ്ങുകളില്‍ ഇടതു മുന്നണി പ്രതിഷേധം സംഘടിപ്പിച്ചാല്‍ യു.ഡി.എഫ് അഭിവാദ്യമര്‍പ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. യു.ഡി.എഫ് നേതാക്കളായ ജോര്‍ജ് സ്റ്റീഫന്‍, സാംസണ് ചാക്കോ, ബൈജു മേനാച്ചേരി, എം.കെ. അലി, ബേബി വി. മുണ്ടാടന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.