കൊച്ചി: ജീവന് ഭീഷണി ഉയർത്തി കൊച്ചിയിൽ കേബിൾ കുരുക്ക് മുറുകുന്നു. ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികൾ വയറിൽ കുടുങ്ങി കഴിഞ്ഞദിവസം അപകടത്തിൽ പെട്ടതാണ് അവസാനത്തേത്. മാസങ്ങൾക്ക് മുമ്പ് എറണാകുളം കാക്കനാടിന് സമീപം കേബിൾ വയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചിരുന്നു. ഇതേ തുടർന്ന് ഇത്തരം അപകടങ്ങൾ തടയാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു.
മനുഷ്യാവകാശ കമീഷനും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. എന്നാൽ, ഉത്തരവ് പൂർണതോതിൽ ഇനിയും നടപ്പാക്കാൻ കോർപറേഷൻ നടപടി സ്വീകരിച്ചില്ല. കൊച്ചിയിലെ സ്മാർട്ട് റോഡുകളിൽ സ്ഥാപിച്ച കേബിൾ ഡക്ടിലൂടെ മാത്രമേ കേബിളുകൾ വലിക്കാൻ അനുവദിക്കൂ എന്ന് മേയർ എം. അനിൽകുമാർ ഉത്തരവിട്ടിരുന്നു.
എന്നാൽ, കേബിൾ ടി.വി ഓപറേറ്റർമാരുടെ സമ്മർദത്തിൽ ഒന്നുംതന്നെ നടപ്പായില്ല. അപകട ഭീഷണി ഉയർത്തുന്ന കേബിളുകൾ ഒരാഴ്ചക്കകം മുറിച്ചുമാറ്റുമെന്നാണ് കോർപറേഷൻ അറിയിച്ചിരുന്നത്. എന്നാൽ, ആറുമാസത്തിനുശേഷവും കേബിളുകൾ അപകടകരമായി തൂങ്ങിക്കിടക്കുകയാണ്.
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ അപകടസാധ്യത രൂക്ഷമാണ്. റോഡിലേക്ക് താഴ്ന്നുകിടക്കുന്ന കേബിളുകൾ ഗതാഗതത്തെയും കാൽനടക്കാരെയും കുരുക്കിലാക്കുകയാണ്. വലിയ ലോറികൾ വരുമ്പോൾ അതിൽ കുരുങ്ങി പൊട്ടിവീഴുന്ന കേബിളുകളും അപകടം വിതക്കുന്നുണ്ട്. ജങ്ഷനുകളിൽ കെട്ടുകളായി താഴ്ന്നുകിടക്കുന്ന കേബിൾ വയറുകൾ ഉയരംകൂടിയ വാഹനങ്ങളുടെ ഗതാഗതവും തടസ്സപ്പെടുത്തുന്നു.
കൊച്ചി: പൊതുസ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുംമുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാറിന് നോട്ടീസയച്ചു. നവംബർ ഏഴിനാണ് കമീഷൻ ഉത്തരവിറക്കിയത്.
റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടമുണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ നോട്ടീസ് നൽകിയത്. തദ്ദേശ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാർക്കാണ് നോട്ടീസയച്ചത്. ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ നാലാഴ്ചക്കകം അറിയിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
ജൂൺ 25ന് ചെമ്പുമുക്ക് പള്ളിക്ക് സമീപം കഴുത്തിൽ കേബിൾ കുരുങ്ങി സ്കൂട്ടർ ഓടിച്ചിരുന്ന അലൻ ആൽബർട്ട് എന്ന യുവാവ് മരിച്ച സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് അന്ന് ഉത്തരവ് നൽകിയത്. കഴിഞ്ഞ ദിവസം കൊച്ചി ചന്ദ്രശേഖര മേനോൻ റോഡിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ കഴുത്തിൽ കേബിൾ കുരുങ്ങിയ സംഭവത്തിൽ കമീഷൻ സ്വമേധയ കേസെടുത്തു. അപകടമുണ്ടായ സാഹചര്യം അന്വേഷിച്ച് സിറ്റി പൊലീസ് കമീഷണറും നഗരസഭ സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.