കൊച്ചി: വീട്ടിൽ ഒരു വണ്ടി എന്ന സങ്കൽപം തന്നെ മാറ്റിയെഴുതുകയാണ് കോവിഡ്. ഓരോ കുടുംബാംഗത്തിനും ഇന്ന് പുറത്തിറങ്ങാൻ പ്രത്യേകം വാഹനം വേണം. ടൂവീലറോ ഫോർ വീലറോ ഏതെങ്കിലും ഒന്ന്. പൊതുഗതാഗത സംവിധാനം ആശ്രയിക്കാൻ ആളുകൾക്ക് മടിയായതോടെ ഈ ഓണനാളുകളിൽ ഏറ്റവും കൂടുതൽ വിൽപന വാഹനങ്ങൾക്കായി.
മിഡ്സൈസ് കാറുകളുടെ വസന്തകാലമാണ് ഇത്. എട്ടു ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളോടാണ് മിഡിൽ ക്ലാസ് വിഭാഗത്തിന് താൽപര്യം. മാരുതി സുസുക്കി, ഹോണ്ട, റിനോൾട്ട്, ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ നിർമാണ കമ്പനികൾ കൂടുതൽ ഹൈലറ്റ് ചെയ്യുന്നത് ഈ വിഭാഗം കാറുകളെയാണ്. വില നിയന്ത്രിക്കുേമ്പാഴും കാറുകളിൽ പരമാവധി ടെക്നോളജി വർധിപ്പിച്ച് ആകർഷകമാക്കാനും ശ്രമിക്കുന്നു. ടച്ച്സ്ക്രീനും ഇൻഫോടെയ്ൻമെൻറും ഉൾപ്പെടെ ബജറ്റ് കാറുകളിൽ കാണാം. സുരക്ഷ ഫീച്ചറുകൾ എന്തൊക്കെയെന്ന് ഉപഭോക്താക്കൾ തന്നെ ചോദിച്ച് ഉറപ്പുവരുത്തുന്നുമുണ്ട്.
സ്കൂട്ടറുകൾ തന്നെ കോവിഡ് കാലയളവിലും കൂടുതൽ വിറ്റ ടൂവീലർ. ഓഫിസുകളിൽ പോകുന്ന സ്ത്രീകൾ കൂടുതലും സ്കൂട്ടറിലേക്ക് യാത്ര മാറ്റി. ശരാശരി 75,000 രൂപ വരെ മുടക്കണം സ്കൂട്ടറുകൾക്ക്. ഓണ വിൽപനയിലും സ്കൂട്ടറുകളാണ് ഹൈലൈറ്റ്.
ഓണം ഓഫറുകൾ വാഹന വിപണിയെ ആകർഷകമാക്കുന്നു. മിഡ്സൈസ് കാറുകൾക്ക് 50,000 രൂപ വരെ ഓഫറുകളാണ് പ്രമുഖ ഡീലർമാർ അവതരിപ്പിക്കുന്നത്. ആദ്യവർഷ ഇൻഷുറൻസും ആക്സസറീസും സൗജന്യമാക്കിയാണ് ഓഫർ. ഷോറൂമിൽ നിന്നിറക്കിയാൽ മറ്റ് അധിക വർക്കുകൾ ഒന്നും ചെയ്യേണ്ടെന്നാണ് വാഗ്ദാനം.
മേയിൽ കേരളത്തിൽ വിറ്റഴിച്ച കാറുകളുടെ എണ്ണം 3282 ആയിരുന്നത് ജൂലൈയിൽ 8785 ആയി. 2019 ജൂലൈയിലെക്കാൾ 50.92 ശതമാനം വിൽപനയിടിവാണ് ജൂലൈയിൽ നേരിട്ടത്. 30,788 ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനത്ത് വിറ്റഴിച്ചു. ഇൗ മേഖലയിൽ കഴിഞ്ഞ വർഷം ജൂലൈയിലെക്കാൾ വിൽപനയിടിവ് 44.24 ശതമാനം. കഴിഞ്ഞ മാസങ്ങളിലെ വിൽപനയിടിവിൽ വലിയ ശതമാനം ഓണവിപണിയിലൂടെ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് വാഹന വിപണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.