കൊച്ചി: കുത്തകപ്പാട്ടം നിയമപ്രകാരമുള്ള വസ്തു കൈമാറ്റം ചെയ്തതിലെ ക്രമക്കേടിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്. കോട്ടയം മീനച്ചിൽ താലൂക്കിൽ ചെത്തിമറ്റം കരയിൽ ചൊവ്വേലിക്കുടിയിൽ സി.ജെ. തോമസ് നൽകിയ പരാതിയിലാണ് നടപടി. തോമസിന് ഇടുക്കി ഉടുമ്പൻചോല താലൂക്കിൽ കുത്തപ്പാട്ടം ലഭിച്ച 6.68 ഏക്കർ ഭൂമി കുമളി അസി. സെറ്റിൽമെൻറ് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാർ പി.എസ്. വർഗീസ്, അസി. കാർഡമം സെറ്റിൽമെൻറ് ഓഫിസർ എം.കെ. കബീർ എന്നിവർ കുത്തകപ്പാട്ടം പെരുമാറ്റി നൽകി എന്നായിരുന്നു പരാതി.
ഇക്കാര്യത്തിൽ കലക്ടർ 2018 ഫെബ്രുവരി എട്ടിന് നൽകിയ റിപ്പോർട്ടിൽ രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഭൂമിയാണെന്ന് വ്യക്തമാക്കി. കൈമാറ്റം വഴി ഭൂമി വാങ്ങുന്നവരെ ഭൂ സംരക്ഷണ നിയമപ്രകാരം അനധികൃത കൈവശക്കാരായി പരിഗണിച്ച് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നായിരുന്നു റിപ്പോർട്ട്. സർക്കാർ ഭൂമിയിൽ കൈയേറ്റം നടത്തിയാൽ 2009ലെ നിയമഭേദഗതി പ്രകാരം 50,000 മുതൽ രണ്ട് ലക്ഷം രൂപ പിഴയും മൂന്ന് മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും നൽകുന്നതിന് വ്യവസ്ഥയുണ്ട്.
2019 സെപ്റ്റംബർ 19ന് നൽകിയ കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിൽ ചട്ടം ലംഘിച്ച് നടപടി സ്വീകരിച്ച പി.എസ്. വർഗീസ്, എം.എ. റഹീം എന്നീ ഉദ്യോഗസ്ഥർക്കെതിരെ കഠിനശിക്ഷ നിർദേശിച്ചു. തുടർന്ന് എം.കെ. കബീർ സർവിസിൽനിന്ന് വിരമിച്ചതിനാൽ അദ്ദേഹത്തിെൻറ പെൻഷനിൽനിന്ന് 1000 രൂപ കുറവ് ചെയ്തു.1961ലെ കാർഡമം കുത്തകപ്പാട്ട നിയമത്തിലെ 14ാം വകുപ്പ് പ്രകാരം സ്ഥലം കൈമാറുന്നതിന് കലക്ടറുടെ അനുമതി വേണം. പാട്ടഭൂമി പാട്ടക്കാരൻ മറ്റൊൾക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ അന്യാധീനപ്പെടാതിരിക്കാനും നികുതി കൃത്യമായി ലഭിക്കുന്നത് ഉറപ്പുവരുത്താനുമാണ് ഈ വ്യവസ്ഥ. ഇവിടെ കലക്ടറുടെ അനുമതിയില്ലാതെ നടന്ന കൈമാറ്റം ചട്ടവിരുദ്ധമാണ്.
തുടർനടപടി സ്വീകരിക്കുന്നതിന് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) ടി.വി. രഞ്ജിത്തിനെ നിയമിച്ചാണ് ഉത്തരവ്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ 2021 ഫെബ്രുവരി മൂന്നിലെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ കേസ് നിലവിലുള്ളതിനാൽ സമയപരിധിപാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.