ചൂർണ്ണിക്കര: പാടശേഖരങ്ങളിൽ മേയാൻ വിടുന്ന കാലികളെ കെട്ടിയിടാത്തത് റോഡ് അപകടങ്ങൾക്ക് ഇടയാക്കുന്നു. കുന്നത്തേരി - മനക്കപ്പടി റോഡിൽ കട്ടേപ്പാടം ഭാഗത്താണ് വാഹനയാത്രക്കാർക്ക് സഞ്ചരിക്കാനാവാത്ത വിധം കന്നുകാലികൾ ശല്യമുണ്ടാക്കുന്നത്. പകലിൽ പാടത്ത് മേയുന്ന ഇവ രാത്രിയാകുമ്പോൾ റോഡിലേക്ക് കയറുകയാണ്.
പത്ത്, ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്ന കട്ടേപ്പാടം റോഡിൽ വഴിവിളക്കുകളുടെ അഭാവമുള്ളതിനാൽ റോഡിൽ കയറിനിൽക്കുന്ന കാലികൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. അടുത്തെത്തുമ്പോഴായിരിക്കും പലപ്പോഴും കാലികൾ റോഡിന് കുറുകെ നിൽക്കുന്നത് കാണുന്നത്. ഇത്തരത്തിൽ കാലികളെ ഇരുചക്ര വാഹനങ്ങൾ ഇടിക്കുന്നതിനും വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കുന്നുണ്ട്.
ഈ ഭാഗത്ത് വഴിവിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. കാലികളുടെ പ്രശ്‌നത്തെകുറിച്ച് പൊലീസിലും പഞ്ചായത്തിലും നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വഴി വിളക്ക് കത്താത്തതിനെതിരെയും അപകടമുണ്ടാക്കുന്ന കന്നുകാലികളുടെ ഉടമസ്‌ഥർക്കെതിരെ കേസെടുക്കുമെന്നുള്ള പഞ്ചായത്തിൻറെ ഉത്തരവ് നടപ്പാക്കത്തിനെതിരെയും പൊതു പ്രവർത്തകരായ രാജേഷ് കുന്നത്തേരി, സനീഷ്കളപ്പുരക്കൽ തുടങ്ങിയവർ രാത്രി പന്തം കത്തിച്ചും കന്നുകാലികളെ പരിസരത്തുള്ള തെങ്ങിൽ ബന്ധിച്ചും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.