കൊച്ചി: പഴയ ഹാർബർ പാലത്തിനുസമീപം കായലിൽ നടക്കുന്ന മേജർ ഷിപ്ഡോക്ക് യാർഡ് നിർമാണം മരട്, അരൂർ, വൈപ്പിൻ മേഖലകളിൽ ഭാവിയിൽ വെള്ളപ്പൊക്കമുണ്ടാക്കുമെന്ന ആരോപണം പരിസ്ഥിതി ആഘാത പഠനത്തിലടക്കം ഒരിടത്തും ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കൊച്ചിൻ ഷിപ്യാർഡ് ഹൈകോടതിയിൽ. അപ്പർ കുട്ടനാട്ടിൽനിന്നും മൂവാറ്റുപുഴയാറ്റിൽനിന്നുമുള്ള നീരൊഴുക്ക് മേജർ ഷിപ്ഡോക്ക് യാർഡ് തടസ്സപ്പെടുത്തുമെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനം എന്തെന്ന് ജലസേചന സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിെല സംഘത്തിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഷിപ്യാർഡിലെ ഇൻഫ്ര േപ്രാജക്ട്സ് മാനേജർ എൽദോ ജോൺ സമർപ്പിച്ച വിശദീകരണപത്രികയിൽ പറയുന്നു.
രാമേശ്വരം-കൽവത്തി കനാലിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി റെസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി നൽകിയ ഹരജിയിലാണ് വിശദീകരണം.
കായലിലെ മേജർ ഷിപ്ഡോക്ക് യാർഡ് നിർമാണം അപ്പർ കുട്ടനാട്ടിൽനിന്നും മൂവാറ്റുപുഴയാറ്റിൽനിന്നുമുള്ള വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്നതിനെ തടസ്സപ്പെടുത്തുമെന്നും മരട്, അരൂർ, വൈപ്പിൻ മേഖലയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും എറണാകുളം മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്ന് കൊച്ചിൻ ഷിപ്യാർഡിനെ ഹരജിയിൽ സ്വമേധയാ കക്ഷിചേർത്ത കോടതിയുെട നിർദേശപ്രകാരമാണ് ഷിപ്യാർഡ് വിശദീകരണം നൽകിയത്.
വിലിങ്ടൺ ഐലൻഡിൽ ഇൻറർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി േപ്രാജക്ട്സ് (ഐ.എസ്.ആർ.എഫ്) തുടങ്ങാൻ 2012ലാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഗ്ലോബൽ ടെൻഡർ വിളിച്ചതെന്ന് ഹരജിയിൽ പറയുന്നു. ടെൻഡറിൽ ഐ.എസ്.ആർ.എഫ് െതരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് 16.9 ഹെക്ടർ സ്ഥലവും 15 ഹെക്ടർ ജലമേഖലയും 30 വർഷത്തേക്ക് പാട്ടത്തിന് നൽകി.
പദ്ധതി തുടങ്ങാനുള്ള വിവിധ അനുമതികൾ അഞ്ചുവർഷംകൊണ്ടാണ് ലഭിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ പാരിസ്ഥിതികാനുമതി, തീരദേശ നിയന്ത്രണ നിയമപ്രകാരമുള്ള അനുമതി, ദേശീയ വന്യജീവി സംരക്ഷണ ബോർഡ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജലവിഭവ വകുപ്പുകളുടെ അനുമതി തുടങ്ങിയവയും നേടിയിരുന്നു. ആഗോളതലത്തിൽ പ്രശസ്തമായ ഏജൻസിയെകൊണ്ടാണ് പരിസ്ഥിതി ആഘാതപഠനം നടത്തിയത്.
ഇൗ പഠനങ്ങളിലൊന്നും റിപ്പോർട്ടിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടില്ല.
ഇത്തരമൊരു റിപ്പോർട്ട് തയാറാക്കുന്നതിനുമുമ്പ് കൊച്ചിൻ ഷിപ്യാർഡിന് പറയാനുള്ളത് കേട്ടിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.