മട്ടാഞ്ചേരി: കോവിഡിൽ തളർന്ന് ഓണം സീസണിലെ പട്ടം വിപണിയും. ഒഴിവുകാലത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും ആവേശവും ഉല്ലാസവുമാണ് പട്ടം പറത്തൽ. എന്നാൽ, ലോക്ഡൗൺ നിയന്ത്രണം വിപണിയെ പ്രതിക്കൂലമാക്കി.
ഓണവരവറിയിച്ച് മലയാളക്കരയിൽ ഉയർന്നുപൊങ്ങുന്ന പട്ടം പറത്തൽ വിനോദം മാസങ്ങളാണ് നീളുന്നത്. ചിങ്ങം പുലരുന്നതോടെ കൊച്ചിയടക്കമുള്ള നഗരങ്ങൾ പട്ടം പറത്തൽ ഉത്സവാന്തരീക്ഷത്തിലാകുമ്പോൾ കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്നത് ലക്ഷത്തിലേറെ പട്ടങ്ങളാണ്. ഒപ്പം അവ പറത്താനുള്ള ഒരു കോടിക്കണക്കിന് മീറ്റർ നൂലുമെത്തും.
കൊച്ചിയും കോഴിക്കോടുമാണ് ഇവയുടെ മൊത്ത വ്യാപാര വിപണി. മുംബൈ, ബെറേലി (യു.പി), ജംബുസർ (ഗുജറാത്ത്) എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പട്ടമെത്തുന്നത്. 10 മുതൽ 300 രൂപവരെ വിലയുള്ള വാൽ പട്ടം മുതൽ പെട്ടിപ്പട്ടം വരെയുള്ള 80 ഇനങ്ങളാണ് വിപണിയിലുള്ളത്.
പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് കടലാസ്, പ്രത്യേകതരം തുണി എന്നിവയിൽ നിർമിക്കുന്ന പട്ടങ്ങളാണ് ഏറെയും വിപണി കൈയടക്കാറ്.
കൊച്ചിയിൽ നൈലോൺ, കുപ്പിച്ചില്ല് അരച്ചുചേർക്കുന്ന മാൻജനൂലുകൾക്ക് നിരോധനമുണ്ട്. പ്രതിവർഷം 60,000 പട്ടങ്ങൾവരെ കച്ചവടം നടത്തിയിരുന്നുവെങ്കിലും ലോക്ഡൗണിൽ വിൽപന പതിനായിരമായി കുറഞ്ഞെന്ന് കൊച്ചിയിലെ പട്ടം വ്യാപാരിയായ മനീഷ് ജെ. മമ്മായ പറഞ്ഞു.
84 പിന്നിട്ട പിതാവ് ജെട്ടലാൽ വിഷൻജി മമ്മായ നാലുപതിറ്റാണ്ടിന് മുമ്പ് തുടങ്ങിയതാണ് പട്ടം കച്ചവടം. പാരമ്പര്യമായി കച്ചവടം നടത്തി വരുകയാണ് ഈ ഗുജറാത്തികൾ. ജൂണിൽ തുടങ്ങുന്ന പട്ടം വിപണി സെപ്റ്റംബറോടെ തീരുന്നതാണ് പതിവ്.
സീസൺ കച്ചവടശേഷം മിച്ചം വരുന്നത് ഉപയോഗശൂന്യമാകുമെന്നും മനീഷ് പറഞ്ഞു. ഫോർട്ട്കൊച്ചി അമരാവതിയിലെ എം.എസ്.എസ്, യോഗേഷ് എന്നിവരടക്കം 20ഓളം പട്ടം കച്ചവടക്കാരാണ് കൊച്ചിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.