കരുമാല്ലൂർ: ആലുവ - പറവൂർ റൂട്ടിൽ കരുമാല്ലൂർ പഞ്ചായത്തിലെ ആനച്ചാൽ വളവിൽ സ്ഥിതി ചെയ്യുന്ന ജീർണിച്ച പാഴ് മരം യാത്രക്കാർക്കും തദ്ദേശവാസികൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തിയായ കാറ്റിൽ അടി ഭാഗം ഇളകി നിൽക്കുന്ന കൂറ്റൻ മരം രണ്ടാഴ്ച കഴിഞ്ഞിട്ടും വെട്ടിമാറ്റാൻ വൈകുന്നതാണ് അപകട ഭീഷണിയാകുന്നത്. ഒരു ഹോട്ടലിനോട് ചേർന്നാണ് ഈ കൂറ്റൻ മരം നിൽക്കുന്നത്.
ജന ജീവിതത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് മരം അപകടാവസ്ഥയിൽ നിൽക്കുന്നത്. വീശിയടിച്ച കാറ്റിൽ മരത്തിന്റെ അടി ഭാഗത്തിൽ നിന്ന് മണ്ണ് ഇളകിപ്പോയതിനാൽ വൃക്ഷത്തിന്റെ വേരുകൾ മണ്ണിൽ നിന്ന് പൊങ്ങിയ നിലയിലാണ്. ബുധനാഴ്ച ഉണ്ടായ കാറ്റിൽ മരത്തിന്റെ അടിഭാഗം വീണ്ടും അരയടിയോളം കൂടി ഉയർന്നിട്ടുണ്ട്. മരത്തിന്റെ കുറേ ശിഖരങ്ങൾ വെട്ടിമാറ്റുമെന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് അധികൃതരെ സംഭവത്തിന്റെ ഗൗരവം ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ ബോധ്യപ്പെടുത്തി. എന്നാൽ ഇത്തരം ജോലികൾ ചെയ്യേണ്ട നിലവിലെ കരാറുകാരൻ മാറി പുതിയൊരാൾ വന്നാലെ ഇത് ചെയ്യാനാകൂ എന്ന നിലപാടിലാണ് പി.ഡബ്ല്യൂ.ഡി അധികൃതർ. കരാറുകാരനെ കാത്തിരിക്കേണ്ടി വന്നാൽ ആലുവ - പറവൂർ പ്രധാന റോഡിൽ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.