കാക്കനാട്: സിറ്റി ഗ്യാസ് പൈപ്പ് ലൈനിനായി നിർമിച്ച കുഴിയിൽ കുടുങ്ങി തുതിയൂർ നിവാസികൾ. കുഴിയെടുത്തപ്പോൾ ഇതിലൂടെ പോയിരുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് നാട്ടുകാർക്ക് ദുരിതമായത്. അതോറിറ്റിയുടെ ജലം ഉപയോഗിക്കുന്ന പ്രദേശത്തെ നൂറുകണക്കിന് വീടുകളിലേക്ക് ചളിവെള്ളമായിരുന്നു എത്തിയത്. മൂന്നുദിവസം കൂടുമ്പോഴാണ് തുതിയൂർ ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നത്. രണ്ടുദിവസം മുമ്പായിരുന്നു ഗാലക്സി ഹോട്ടലിന് സമീപം സിറ്റി ഗ്യാസിനായി കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയത്. അധികൃതരെ വിവരം അറിയിക്കാതെ കുഴിമൂടി മടങ്ങുകയായിരുന്നു തൊഴിലാളികൾ ചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. അന്ന് പമ്പിങ് ഇല്ലാത്തതിനാൽ പൊട്ടിയ വിവരം ആരും അറിഞ്ഞില്ല. ശനിയാഴ്ച അർധരാത്രി പമ്പിങ് ആരംഭിച്ചപ്പോൾ പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് വെള്ളം ചോർന്ന് മണ്ണുമായി ചേർന്ന് ചളിക്കളമായി മാറുകയും ഇത് വെള്ളത്തിലേക്ക് കലരുകയും ചെയ്തു. പിന്നീട് പ്രദേശത്തെ മുഴുവൻ വീടുകളിലേക്കും ചളിവെള്ളമാണ് എത്തിയത്. ടാങ്കുകളിലും പാത്രങ്ങളിലും എല്ലാം കലക്കവെള്ളം ആയിരുന്നു. ഇതോടെ മിക്കവാറും വീടുകളിലും കുടിവെള്ളം മുട്ടുകയും ദൈനംദിന ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലുമായി. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കണമെങ്കിൽപോലും നിലവിലുള്ള വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞ് വൃത്തിയാക്കേണ്ട സാഹചര്യമായിരുന്നു. ഇതാണ് നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടായത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.