കുന്നുകര: പഞ്ചായത്തിൽ ടാറിങ്ങും അറ്റകുറ്റപ്പണിയും നടത്തിയ റോഡുകളിൽ ജൽജീവൻ പദ്ധതിക്കായി നിർമിച്ച കുഴികൾ ശാസ്ത്രീയമായി മൂടാത്തതിനാൽ നാട്ടുകാർ ദുരിതക്കയത്തിൽ. നിത്യേനയെന്നോണം അപകടങ്ങളും പൊടിശല്യവും മൂലവും ജനജീവിതം ദുസ്സഹമാണ്. ബന്ധപ്പെട്ട അധികാരികളെ നിരന്തരം അറിയിച്ചിട്ടും പരിഹാരം കാണുന്നില്ലെന്നാണാക്ഷേപം. നേരിട്ട് രേഖാമൂലം പരാതി നൽകിയാൽ മാത്രമേ നടപടിയെടുക്കാനാകൂവെന്നായിരുന്നു അധികൃതരുടെ ന്യായം.
ഇതിനെത്തുടർന്ന് പഞ്ചായത്തധികൃതരും കുന്നുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജലജീവൻ പദ്ധതിയുടെ ഓഫിസിൽ നേരിട്ടെത്തി എക്സിക്യൂട്ടിവ് എൻജിനീയർ സിന്ധുവിന് പരാതി നൽകുകയായിരുന്നു.
ചർച്ചയിൽ ഏഴ് ദിവസത്തിനകം പരാതിക്ക് അടിയന്തിര പരിഹാരം കാണാമെന്നാണ് അധികൃതർ ഉറപ്പ് നൽകിയത്. അതേ സമയം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നടപടി സ്വീകരിക്കാതിരിക്കുകയോ, പരാതി അവഗണിക്കുകയോ ചെയ്താൽ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നാണ് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുന്നുകര മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ആർ. അനിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സൈനബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷിബി പുതുശ്ശേരി, സിജി വർഗീസ്, കവിത ബാബു, പഞ്ചായത്തംഗം മിനി പോളി ‘സബർമതി’ ചെയർമാൻ കരീം കാഞ്ഞോടൻ, യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയംഗം ഹുസൈൻ കുന്നുകര തുടങ്ങിയവരാണ് ജനകീയ നിവേദനം സമർപ്പിക്കുകയും, നാട്ടുകാർ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കി പരാതി സമർപ്പിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.