കൊച്ചി: ഏലപ്പാട്ട വ്യവസ്ഥ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തിയവർക്ക് കനത്ത തിരിച്ചടിയായി റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. ഏലത്തോട്ടഭൂമി അഥവ കാര്‍ഡമം ഹില്‍ വനഭൂമിയെന്ന് വ്യക്തമാക്കിയാണ് ഈമാസം ഏഴിനാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എം. ജയതിലക് ഉത്തരവ് ഇറക്കിയത്.

ദേവികുളം താലൂക്കിലെ പള്ളിവാസല്‍ വില്ലേജില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന രണ്ട് ഏക്കര്‍ മൂന്ന് സെന്റ് ഏലത്തോട്ട ഭൂമി സാർക്കാറിലേക്ക് തിരിച്ചെടുക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാനാണ് ഉത്തരവിട്ടത്. പാട്ടം പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പള്ളിവാസല്‍ വില്ലേജിലെ അനില മുരളിയാണ് ഹൈകോടതിയിൽ കേസ് നൽകിയത്. പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതിനാൽ പാട്ടം പുതുക്കി നൽകാനാവില്ലെന്നായിരുന്നു ഹൈകോടതി വിധി.

1961ലെ ഏലക്കുത്തക പാട്ടത്തിന് ചട്ടം പ്രാബലത്തിൽ വന്ന സമയത്ത് ഭൂമി കൈയേറി ഏലം കൃഷി ചെയ്തിരുന്നവർക്കാണ് നിയമ പരിരക്ഷയുള്ളത്. എന്നാൽ, പരാതിക്കാരി 1992 മുതലാണ് അനധികൃതമായി ഭൂമി കൈവശംവെച്ചത്. അതിനാൽ, 1961ലെ കുത്തകപ്പാട്ട നിയമത്തിന്‍റെ പരിരക്ഷ നൽകാനാവില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. 1897 ആഗസ്റ്റ് 24ലെ തിരുവിതാംകൂർ രാജവിളംബര പ്രകാരം കാർഡമം ഹിൽ റിസർവ് വനമാണ്. 1929 ജൂൺ ഒന്നിലെ തിരുവിതാംകൂർ സർക്കാറിന്‍റെ ചീഫ് സെക്രട്ടറി ലാൻഡ് റവന്യൂ ആൻഡ് ഇൻകം ടാക്സ് കമീഷണർക്ക് അയച്ച കത്ത് പ്രകാരം ഈ ഭൂമിയുടെ നിയന്ത്രണം വനം വകുപ്പിനാണ്.

1917ലെ ട്രാവൻകൂർ വനം മാന്വലിലും ഈ പ്രദേശം റിസർവ് വനമാണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈ പ്രദേശം റിസർവ് വനമാണെന്ന് പരാമർശിച്ച് സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. ഗോദവർമൻ തിരുമുൽപാടിന്‍റെ കേസിൽ റവന്യൂ രേഖകളിൽ ഈ ഭൂമി വനമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 1980ലെ വന സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

പുതിയ ഉത്തരവ് പ്രകാരം സി.എച്ച്.ആര്‍ ഭൂമിയിൽ ചട്ടം ലംഘിച്ച് നിർമിച്ച റിസോര്‍ട്ടുകളടക്കം ഏറ്റെടുക്കാന്‍ വനം വകുപ്പിന് അധികാരമുണ്ട്. രേഖകളില്‍ റിസര്‍വ് വനമെന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ 1980ലെ വന നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്. ഇ ഭൂമിയിൽ വനേതര പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി വേണം. വനഭൂമിയിൽ മരങ്ങള്‍ മുറിച്ച് റിസോര്‍ട്ടുകള്‍ നിർമിച്ചത് നിയമ ലംഘനമാണ്. പള്ളിവാസലിന് പുറമെ, വെള്ളത്തൂവല്‍, ആനവിരട്ടി വില്ലേജുകളും പഴയ ഉടുമ്പൻചോല താലൂക്കും പീരുമേട് താലൂക്കിലെ ഏതാനും വില്ലേജുകളും സി.എച്ച്.ആര്‍ പരിധിയിലാണ്. ആനത്താരകള്‍ വരെ കെട്ടിയടച്ച് ഏലത്തോട്ട ഭൂമിയിൽ റിസോര്‍ട്ടുകൾ നിർമിച്ചവർക്കെതിരെ ഉത്തരവ് പ്രകാരം നടപടിയെടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Tags:    
News Summary - Elappatta land is called forest land Department of Revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.