കാക്കനാട്: വികസനപ്രവർത്തനങ്ങളിൽ ഏറെ പിന്നിലായി എറണാകുളം ജില്ല. ജില്ല പഞ്ചായത്തും കൊച്ചി കോർപറേഷനും ഉൾപ്പെടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വളരെ കുറച്ചു തുക മാത്രമാണ് വികസന പദ്ധതികൾക്ക് ചെലവഴിച്ചിട്ടുള്ളത്. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതത്തിന്റെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. 2021-22 സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെയാണ് കണക്കുകൾ പുറത്തവന്നത്. ഇനിയുള്ള ദിവസങ്ങൾ നടപ്പാക്കാൻ കഴിയുന്ന വികസന പദ്ധതികൾ പൂർത്തീകരിച്ചാലും 50 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കും മുഴുവൻ തുകയും ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ജില്ലയിൽ ആകെ 111 തദ്ദേശ സ്ഥാപനമാണ് ഉള്ളത്. ഇതിൽ 58 തദ്ദേശ സ്ഥാപനം മാത്രമാണ് പദ്ധതി വിഹിതത്തിന്റെ 50 ശതമാനമെങ്കിലും ചെലവഴിച്ചത്. ജില്ല പഞ്ചായത്തിന് അനുവദിച്ച 58.6 കോടി രൂപയിൽ വെറും 37.56 ശതമാനം മാത്രമാണ് ഇതിനകം ചെലവഴിച്ചത്, അതായത് 22 കോടി രൂപ. കൊച്ചി കോർപറേഷനിലാകട്ടെ 40.70 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. വികസനപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കോർപറേഷൻ അനുവദിച്ച പദ്ധതി വിഹിതമായ 129.70 കോടി രൂപയിൽ 52. 85 കോടി മാത്രമാണ് ഇതുവരെ ഉപയോഗിച്ചത്. ജില്ല പഞ്ചായത്തിനും കോർപറേഷനും പുറമെ ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും തൽസ്ഥിതിതന്നെയാണുള്ളത്.
ആകെ 13 മുനിസിപ്പാലിറ്റിയിൽ അഞ്ചെണ്ണം മാത്രമാണ് 50 ശതമാനത്തിൽ കൂടുതൽ ചെലവഴിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. അവർ 67.39 ശതമാനം ചെലവഴിച്ചപ്പോൾ ആലുവ മുനിസിപ്പാലിറ്റിയാണ് ഏറ്റവും പിന്നിൽ. കലക്ടറേറ്റും ജില്ല പഞ്ചായത്തും ഇൻഫോപാർക്കും ഉൾപ്പെടെ ജില്ലയിലെതന്നെ ഏറ്റവും പ്രധാന മുനിസിപ്പാലിറ്റികളിൽ ഒന്നായ തൃക്കാക്കരയിൽ അനുവദിച്ച പദ്ധതി വിഹിതമായ 10.61 കോടി രൂപയിൽ 4.22 കോടി മാത്രമാണ് ചെലവഴിച്ചത്.
14 ബ്ലോക്ക് പഞ്ചായത്തിൽ എട്ടെണ്ണം 50 ശതമാനത്തിൽ കൂടുതൽ ചെലവഴിച്ചു. പദ്ധതി വിഹിതത്തിന്റെ 65.69 ശതമാനം ചെലവഴിച്ച വൈപ്പിനാണ് ബ്ലോക്കുകളിൽ ഏറ്റവും മുന്നിൽ. 64.47 ശതമാനം ചെലവഴിച്ച് വടവുകോട് രണ്ടാമതും 32.84 ശതമാനം മാത്രം ചെലവഴിച്ച് വാഴക്കുളം ഏറ്റവും പിന്നിലുമാണ്. 82 ഗ്രാമപഞ്ചായത്തിൽ 45 എണ്ണം മാത്രമാണ് 50 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചത്. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്താണ് കൂടുതൽ ഫണ്ട് ചെലവഴിച്ചത്- 82.02 ശതമാനം. ജില്ലയിലെ ഏറ്റവും ഉയർന്ന ശരാശരിയും ഇതാണ്. 14.39 ശതമാനം ചെലവഴിച്ച കുട്ടമ്പുഴ ഗ്രാമപഞ്ചായത്താണ് വികസന പ്രവർത്തനങ്ങൾക്ക് തുക ചെലവാക്കിയതിൽ ഏറ്റവും പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.