കാക്കനാട്: വികസനപ്രക്രിയക്ക് നിമിഷംതോറും പുതുചരിത്ര ചിറകുകൾ മുളക്കുന്ന ജില്ലയാണ് എറണാകുളം. ആറര പതിറ്റാണ്ട് എന്ന നാഴികക്കല്ല് പിന്നിട്ട് 66ലേക്ക് കടന്ന കാരണവരുടെ മട്ടും മാതിരിയൊന്നുമല്ല ജില്ലക്ക്. ആധുനിക നഗരമേഖലകളിലെ 66കാരെപ്പോലെ യുവത്വം കൈവിടാതെ ഊർജസ്വലമായി പ്രവർത്തനനിരതമാണ് മെട്രോ ജില്ല.
കേരള സംസ്ഥാനം നിലവിൽ വന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപവത്കൃതമായത്. തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലക്ക് കീഴിൽ വന്നത്. ഇടുക്കി ജില്ല രൂപവത്കൃതമാകുംമുമ്പ് തൊടുപുഴ താലൂക്കും എറണാകുളം ജില്ല പരിധിയിലായിരുന്നു.
പറവൂർ, ആലുവ, കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം എന്നിങ്ങനെ ഏഴ് താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടുചേർന്ന കാക്കനാടാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. കലക്ടറേറ്റ്, ജില്ല പഞ്ചായത്ത് കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. ജില്ലയുടെ വികസനപാതക്ക് വഴിയൊരുക്കിയത് മുൻ കലക്ടർമാരായിരുന്ന കെ.ആർ. രാജനും എസ്. കൃഷ്ണകുമാറുമായിരുന്നു.
കൃഷ്ണകുമാർ എറണാകുളം കലക്ടറായിരുന്ന 1968 കാലത്ത് കെ.ആർ. രാജനായിരുന്നു ഫോർട്ട്കൊച്ചി ആർ.ഡി.ഒ. ആലുവ മണപ്പുറത്ത് ജില്ലയിലെ കുടികിടപ്പുകാരെ ഒത്തുകൂട്ടി 25,000 പേർക്ക് പട്ടയം നൽകിയത്, അരലക്ഷത്തിലധികം പേർക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ കുടുംബാസൂത്രണ വിപ്ലവം, 30 ദിവസംകൊണ്ട് 1000 ലക്ഷംവീടുകൾ നിർമിച്ച് കൈമാറിയത്, പനമ്പിള്ളിനഗർ ഭവനപദ്ധതി, മറൈൻഡ്രൈവ്, വിശാലകൊച്ചി വികസന അതോറിറ്റി സ്ഥാപിച്ചത് ഇങ്ങനെ കൃഷ്ണകുമാർ ജില്ലക്ക് സമ്മാനിച്ച വികസന മുന്നേറ്റങ്ങൾ അടുത്തുനിന്ന് കണ്ട കെ.ആർ. രാജൻ ഒപ്പമുണ്ടായിരുന്നു.
ഒടുവിൽ കലക്ടർപദവിയിലെത്തിയ രാജൻ പട്ടയമേളകളിലൂടെ മാറ്റുതെളിയിച്ച് ജില്ലയുടെ സമ്പൂർണ സാക്ഷരത യജ്ഞത്തിന് തുടക്കംകുറിച്ച് ദേശീയശ്രദ്ധ നേടി. സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങി ഇന്ന് കാക്കനാടിന് ലഭിച്ചിരിക്കുന്ന എല്ലാ നേട്ടങ്ങൾക്കും വഴിയൊരുക്കിയത് കെ.ആർ. രാജന്റെ ഭരണമിടുക്കായിരുന്നു. 1981 നവംബർ ഒന്നിനാണ് ജില്ല കലക്ടറേറ്റ് കാക്കനാട്ടെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.