മട്ടാഞ്ചേരി: വാട്സ്ആപ്പ് സന്ദേശം വിനയായത് വോട്ടിങ് യന്ത്രങ്ങൾക്ക്.
കോവിഡ് പകരാതിരിക്കാൻ നിരവധി പേർ ഉപയോഗിക്കുന്ന വോട്ടിങ് മെഷിനിൽ കൈ കൊണ്ട് തൊടരുതെന്നും വോട്ടിങ് മെഷിനിൽ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരേ വിരൽ കൊണ്ട് അമർത്താതെ പകരം പേനകൊണ്ട് അമർത്തണമെന്നുമുള്ള സന്ദേശം പ്രചരിച്ചതാണ് പലയിടങ്ങളിലും പ്രശ്നം സൃഷ്ടിച്ചത്. വോട്ടർമാരിൽ ചിലർ പേന കൊണ്ട് കുത്താൻ തുടങ്ങിയതോടെ മെഷിനുകൾ തകരാറിലായി.
മൂന്നാം ഡിവിഷനിലെ എം.എ.എസ്.എസ്.എൽ.പി സ്കൂളിലെ 2, 4 എന്നീ ബൂത്തുകളിലെ മെഷീനുകൾ രണ്ടു തവണ പണിമുടക്കി. തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചപ്പോഴാണ് ചിലർ പേന ഉപയോഗിക്കുന്നതായി കണ്ടത്. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ വോട്ടർമാരോടും സ്ഥാനാർഥികളോടും സന്ദേശം വ്യാജമാണെന്നും സാനിെറ്റെസർ ഉപയോഗിച്ച് ബൂത്തിലേക്ക് കയറ്റുന്നതിനാൽ അത്തരം ആശങ്കപ്പെടേണ്ടന്ന് അറിയിക്കുകയും പേന ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു.
പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ് സ്കൂളിൽ വൈകീട്ട് ഏഴേകാൽ വരെ പോളിങ് നീണ്ടു. ഫോർട്ട്കൊച്ചി അമരാവതിയിൽ പോളിങ് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റം നടന്നുവെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
ചെല്ലാനത്ത് വോട്ടേഴ്സ് ലിസ്റ്റിൽനിന്നും നൂറുകണക്കിന് ആളുകളുടെ പേരുകൾ ഒഴിവാക്കിയതായി ആരോപണം ഉയർന്നു. പള്ളുരുത്തി കോണത്ത് കള്ളവോട്ട് ചെയ്യുന്നത് കയ്യോടെ പിടികൂടിയിട്ടും നടപടി എടുത്തില്ലെന്ന് കോൺഗ്രസ്, വി ഫോർ കൊച്ചി പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.