1. തുമ്പിച്ചാൽ ചാലക്കൽ തോടിനോട് ചേർന്ന് എപ്പോഴും വെള്ളം കയറുന്ന മണ്ണായി പ്രദേശം 2. പ്രളയത്തിൽ തൂണുകൾ ഒലിച്ചുപോയതിനാൽ ഗതാഗതം നിരോധിച്ച ചെമ്മായം പാലം

പ്രളയത്തിന്‍റെ ബാക്കിപ​ത്രം, എറണാകുളം ജില്ലയിൽ

2018ലും 2019ലുമായി സംസ്ഥാനത്തുണ്ടായ മഹാപ്രളയങ്ങൾ ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായിരുന്നു എറണാകുളം. നിരവധി വീടുകളും പ്രദേശങ്ങളും മുങ്ങിപ്പോകുകയും പലർക്കും ജീവനും ജീവിതോപാധികളും നഷ്​ടമാകുകയും ചെയ്ത രണ്ടു പ്രളയകാലം. ആലുവ, പറവൂർ, കാലടി, നെടുമ്പാശ്ശേരി, ഏലൂർ തുടങ്ങി ജില്ലയുടെ വിവിധ പ്രദേശങ്ങളെയൊന്നാകെയാണ് പ്രകൃതിയുടെ സംഹാരതാണ്ഡവം ഉഴുതുമറിച്ചത്. വീണ്ടുമൊരു മഴക്കാലം കൂടി വരുമ്പോൾ കഴിഞ്ഞ പ്രളയങ്ങൾ ബാധിച്ച പ്രദേശങ്ങളിലെ സ്ഥിതിയെന്താണെന്നും അന്ന് അവിടങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ നിലവിലെ അവസ്ഥയെന്തെന്നും ഉൾ​െപ്പടെ പരിശോധിക്കുകയാണ് 'മാധ്യമം' ലേഖകർ.

വാഗ്ദാനങ്ങൾ നടപ്പായില്ല; ഭീതിയോടെ മണ്ണായി നിവാസികൾ

ആലുവ: 2018 ആഗസ്​റ്റ്​ 15നുണ്ടായ പ്രളയകാലത്തെ ഒാർമകളെക്കുറിച്ച് ചോദിക്കുമ്പോൾ കീഴ്മാട് പഞ്ചായത്ത് അമ്പലപ്പറമ്പിലെ മണ്ണായി നിവാസികൾക്ക് ഇപ്പോഴും ഭീതിയാണ്. 2018ൽ മാത്രം രണ്ടുതവണയാണ് വീടുകൾ മുങ്ങിയതിനാൽ മണ്ണായി നിവാസികൾക്ക് ഒഴിഞ്ഞുപോകേണ്ടി വന്നത്.

ആഗസ്​റ്റ്​ ഒമ്പതിന് ഇടമലയാർ ഡാം തുറന്നുവിട്ടതിനെ തുടർന്ന് ഇവർക്ക് ചാലക്കൽ എസ്.എൻ.ഡി.പിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നു. 2019ലെ വെള്ളപ്പൊക്കത്തിലും ഇവരുടെ വീടുകളിൽ വെള്ളം കയറി. 2020ൽ വെള്ളം കയറുമെന്ന ഭീതിയിലായിരുന്നെങ്കിലും മുറ്റം വരെ മാത്രമാണെത്തിയത്. തുമ്പിച്ചാൽ ചാലക്കൽ തോടിനോട് ചേർന്നാണ് മണ്ണായി നിവാസികൾ താമസിക്കുന്നത്.

താഴ്ന്ന സ്ഥലമായതിനാൽ പെട്ടെന്ന് വെള്ളം കയറും. തോടിന് പാർശ്വഭിത്തി ഇല്ലാത്തതാണ് കാരണം. പാർശ്വഭിത്തി സംബന്ധിച്ച് നാട്ടുകാരിലൊരാൾ കലക്ടർക്ക് ഫേസ്ബുക്ക് വഴി പരാതി നൽകിയിരുന്നു. ദുരിത്വാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.

ഇപ്പോൾ കുറച്ചുഭാഗം തദ്ദേശ വകുപ്പ് ഫണ്ട് ഉപയോഗിച്ച് കരിങ്കല്ലുകൊണ്ട് കെട്ടിയിട്ടുണ്ട്. കൂടുതൽ മഴ ലഭിക്കുകയും ഡാമുകൾ നിറയുകയും ചെയ്താൽ ആദ്യം വെള്ളം കയറുന്ന പ്രദേശമാണിത്​. അതിനാൽ മഴ ശക്തമാകുമ്പോഴേക്കും പ്രദേശവാസികളുടെ ഭീതിയും ഉയരും.

നഷ്​ടപരിഹാരം ഫയലിൽ ഉറങ്ങുന്നു; പ്രതീക്ഷ നഷ്​ടപ്പെട്ട് പ്രളയബാധിതർ

-ബേബി കരുവേലിൽ

നെടുമ്പാശ്ശേരി: 2018 വെള്ളപ്പൊക്കത്തി​െൻറ നഷ്​ടപരിഹാരം പലർക്കും ഇപ്പോഴും അദാലത്തിലെ ഫയലിൽ കുരുങ്ങിക്കിടക്കുന്നു. കാര്യമായ നഷ്​ടം സംഭവിച്ച പലർക്കും ഒരു ലക്ഷത്തിന് മുകളിൽവരെ നഷ്​ടപരിഹാരം ലഭിച്ചപ്പോൾ വീടും കച്ചവട സ്ഥാപനങ്ങളും നഷ്​ടപ്പെട്ടവർക്ക്​ ലഭിച്ചത് പരമാവധി 20,000 രൂപവരെ മാത്രം. 60,000 രൂപവരെ നഷ്​ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടയാണ് എറണാകുളം കലക്ടറേറ്റിലെ ചില ജീവനക്കാർ പ്രളയ ദുരിതാശ്വാസ ഫണ്ട് കവർന്നത്. ഇതിനുശേഷം പരാതി പരിഹാരത്തിനായി അദാലത്ത്‌ സംവിധാനമുണ്ടാക്കി. എന്നാൽ, തുടർനടപടികൾ എന്തായെന്ന് ആർക്കുമറിയില്ല.

കലക്ടറേറ്റിൽ അന്വേഷിക്കുമ്പോൾ അദാലത്തി​െൻറ പരിഗണനയിലാണെന്ന മറുപടിയാണ്​ ലഭിക്കുന്നത്. കലൂരിലേക്ക്​ ഒരിക്കൽ പരാതിക്കാരെ വിളിപ്പിച്ച് അദാലത്തിലേക്ക് പരാതി എഴുതി വാങ്ങിയിരുന്നു. കോവിഡ്​ വന്നതോടെയാണ് അദാലത്തി​െൻറ തുടർപ്രവർത്തനം എങ്ങുമെത്താത്ത അവസ്ഥയിലായത്.

അദാലത് വഴി പണം ലഭിക്കുമെന്ന് കരുതി പലരും വായ്പയെടുത്തും മറ്റുമാണ് വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. വായ്‌പയുടെ പലിശഭാരം താങ്ങാനാകാതെ ഇവർ കൂടുതൽ വിഷമിക്കുകയാണ്. കച്ചവടക്കാരുടെ നഷ്​ടത്തിനുള്ള അപേക്ഷകളൊന്നും അദാലത്തിലും സ്വീകരിച്ചിരുന്നില്ല. വ്യാപാരി സംഘടനയുടെ മുറവിളിയെ തുടർന്ന് വ്യാപാരി ക്ഷേമ നിധി ബോർഡ് വഴി 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ സഹായവും ബഹുഭൂരിപക്ഷം വ്യാപാരികൾക്കും ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ സർക്കാറി​െൻറ അവസാന വേളയിൽ സംഘടിപ്പിച്ച അദാലത്തിൽ പലരും പ്രളയ ദുരിതാശ്വാസ പരാതി സമർപ്പിച്ചെങ്കിലും മറ്റൊരു അദാലത്തി​െൻറ പരിഗണനയിലാണെന്നത് ചൂണ്ടിക്കാട്ടി തിരസ്കരിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസ തുക ലഭിക്കുമെന്ന പ്രതീക്ഷപോലും പലർക്കും ഇപ്പോൾ നഷ്​ടമായിരിക്കുകയാണ്.

ചെമ്മായം പാലം അടച്ചിട്ട് മൂന്നുവർഷം; പുതിയതിന്‍റെ നടപടികൾ ഇഴയുന്നു

-പി.കെ. നസീർ

പറവൂർ: മഹാപ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ തൂണുകൾ ഒലിച്ചുപോയ കോട്ടുവള്ളി പഞ്ചായത്തിലെ ചെമ്മായം പാലത്തിനു പകരം പുതിയത്​ നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായെങ്കിലും നടപടികൾ ഇഴയുന്നു. മധ്യഭാഗത്തെ നാല് തൂണുകളാണ് ഒലിച്ചുപോയത്. പാലത്തിലൂടെയുള്ള ഗതാഗതം പൊതുമരാമത്ത് നിരോധിച്ചിട്ട് മൂന്നുവർഷമായി. ഇതോടെ വിദ്യാർഥികൾ അടക്കമുള്ളവർ യാത്രാദുരിതത്തിലാണ്. അതിനിടെയാണ് പുതിയ പാലം നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായത്.

ചെമ്മായം-കൂനമ്മാവ് കരകളെ ബന്ധിപ്പിക്കുന്ന പാലം 2001 ഡിസംബർ 16നാണ് ഗതാഗതത്തിനായി തുറന്നത്. ജോർജ് ഈഡൻ എം.പിയുടെ ഫണ്ടിൽനിന്ന്​ അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച പാലത്തിന് ഓട്ടോ കടന്നുപോകാനുള്ള വീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കോട്ടുവള്ളി, ഏഴിക്കര, കൈതാരം പ്രദേശത്തുകാർക്ക് കൂനമ്മാവ്, വരാപ്പുഴ, ആലുവ ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗമായിരുന്നു പാലം. 'പാലം അപകടത്തിൽ' എന്ന ബോർഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ് കാൽനടയും നിരോധിക്കുകയായിരുന്നു. എന്നാലും പലരും ഇപ്പോഴും പാലത്തിലൂടെ യാത്രചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര ഇടപെടലുകൾക്ക് ശേഷമാണ് വീതികൂട്ടി പുതിയ പാലം നിർമിക്കാൻ സർക്കാർ തീരുമാനമുണ്ടായത്. ഇതിനു മുന്നോടിയായി ഒന്നര വർഷം മുമ്പ് മണ്ണ്​ പരിശോധനക്കായി ടെൻഡർ ക്ഷണിച്ചു. ഈ മാസം ആദ്യം അപ്രോച് റോഡിനായുള്ള മണ്ണ്​ പരിശോധനയും നടത്തിയിരുന്നു. ഇതി​െൻറ ഫലം പരിശോധിച്ച ശേഷമേ പാലത്തി​െൻറ എസ്​റ്റിമേറ്റ് തയാറാക്കൂ. തുടർന്ന്​ വേണം ടെൻഡർ ക്ഷണിക്കാൻ. പാലം ഇനിയും വളരെ അകലെയാണെന്ന് ചുരുക്കം.

പുതിയ പാലത്തിനായി കഴിഞ്ഞ വർഷം മണ്ണ്​ പരിശോധന നടത്തിയപ്പോൾ സർക്കാറിന് അഭിനന്ദനമറിയിച്ച് പാർട്ടിക്കാർ സ്ഥാപിച്ച ബോർഡ് ഇപ്പോഴും ഇവിടെയുണ്ട്. 2018ലെ പ്രളയത്തിന് മുമ്പേ പാലം പണിക്കായി എട്ട് കോടി ബജറ്റിൽ ഉൾപ്പെടുത്തുകയും 1.60 കോടി ടോക്കൺ അനുവദിക്കുകയും ചെയ്തതായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അവകാശപ്പെട്ടിരുന്നു. പക്ഷേ, പാലം പണിക്കുള്ള പ്രാഥമിക നടപടിപോലും ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ നാട്ടുകാർ നിരാശയിലാണ്.

വെള്ളപ്പൊക്ക ഭീതി ഒഴിയാതെ മൂവാറ്റുപുഴ

-കെ.പി. റസാഖ്

മൂവാറ്റുപുഴ: കാലവർഷം കനക്കുന്നതോടെ ഭീതിയിലാകുന്ന നൂറുകണക്കിന് കുടുംബങ്ങളും വ്യാപാരികളുമാണ് മൂവാറ്റുപുഴ നഗരത്തിലുള്ളത്. മഴ കനത്ത് മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പുയരുന്നതോടെ ഇവരുടെ മനസ്സുകളിലും ഇരമ്പൽ ആരംഭിക്കും. ഏതുനിമിഷവും വീടകങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ജലം ഒഴുകിയെത്തും. പിന്നെ സാധന സാമഗ്രികൾ കരക്കെത്തിക്കാനുള്ള നെട്ടോട്ടമാണ്.

പതിറ്റാണ്ടുകൾ പഴക്കമുണ്ട് ഈ ദുരിതത്തിന്. നഗരത്തിലെ താഴ്ന്ന പ്രദേശമായ കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത പ്രദേശങ്ങളിൽ ജനവാസം ആരംഭിച്ച 1940കളിൽ തുടങ്ങിയതാണ്​ ഈ ദുരവസ്ഥ. വെള്ളത്തെ പേടിച്ച് പുതുതലമുറയിലെ പലരും കരകയറി പോ​െയങ്കിലും ഇന്നും നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ തന്നെ താമസിക്കുന്നുണ്ട്. 90കളിൽ ഇലാഹിയ കോളനിയിലും ജനവാസം ആരംഭിച്ചു. പുഴയിൽ വെള്ളം ഉയർന്നാൽ ആദ്യം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. 60ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.

മാർക്കറ്റും വ്യാപാര കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന കാവുങ്കര മേഖലയിൽ 2018ലെ പ്രളയത്തിനുശേഷം തുടർച്ചയായി മൂന്നുവർഷവും വെള്ളം കയറി. 100 കോടിയുടെ നഷ്​ടം ഉണ്ടായതായാണ് മർച്ചൻറ്​സ്​ അസോസിയേഷ​െൻറ കണക്ക്. പ്രളയാനന്തരം വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. മൂവാറ്റുപുഴയാറ്റിൽ അടിഞ്ഞ മാലിന്യവും ചളിയും മണലും നീക്കാനായിരുന്നു ഡീൻ കുര്യാക്കോസ് എം.പിയുടെ നിർദേശപ്രകാരം ആർ.ഡി.ഒ വിളിച്ച ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലെ പ്രധാന തീരുമാനം. എന്നാൽ, പിറവം നഗരസഭ മാത്രമാണ് നടപടി സ്വീകരിച്ചത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ച മൂവാറ്റുപുഴ നഗരസഭയടക്കമുള്ളവ ഇത് അവഗണിക്കുകയായിരുന്നു.

പ്രളയം നക്കിത്തുടച്ച കൃഷി ഭൂമികളെ കരിച്ചുണക്കി കോവിഡ്

-യാസർ അഹമ്മദ്

ആലുവ: പ്രളയമുണ്ടാക്കിയ ദുരിതങ്ങളിൽനിന്ന് കരകയറും മുമ്പ്​ കടന്നെത്തിയ കോവിഡ് മഹാമാരി ജില്ലയിലെ കർഷകരുടെ നടുവൊടിച്ചു. തുടർച്ചയായ വർഷങ്ങളിലുണ്ടായ പ്രളയം തകർത്ത കാർഷിക മേഖല പതിയെ പച്ചപിടിച്ച് വരുന്നതിനിടയിലാണ് കോവിഡ് മഹാമാരി കടന്നുവന്നത്. ഇതുമൂലം വിപണി ലഭിക്കാതെ കാർഷിക വിളകൾ നശിച്ചു. വിൽപന നടത്തിയ വിളകൾക്കാണെങ്കിൽ കാര്യമായ വിലയും ലഭിച്ചില്ല.

2018ൽ കൃഷി ഇറക്കിയ കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇതിൽനിന്ന് കരകയറാൻ 2019ൽ കൂടുതൽ വായ്പയെടുത്ത പലരെയും രണ്ടാം പ്രളയവും ബാധിച്ചു. ഇതോടെ പലരും കാർഷിക രംഗം ഉപേക്ഷിച്ചു. വീണ്ടും കൃഷി തുടങ്ങിയവരുടെ സ്വപ്നങ്ങളെ തകർത്താണ് 2020ൽ കോവിഡ് അടച്ചുപൂട്ടൽ വന്നത്. രോഗവ്യാപനം കുറഞ്ഞ് ജീവിതം സാധാരണ നിലയിലേക്ക് കടന്നതിനനുസരിച്ച് പലരും കൃഷി പുനരാരംഭിച്ചു. ഏറക്കുറെ വിളവെടുപ്പ് അടുത്തതോടെയാണ് വീണ്ടും രോഗവ്യാപനം രൂക്ഷമായതും അടച്ചുപൂട്ടൽ വന്നതും. 2020ലെ പോലെ ഈ വർഷവും സമ്പൂർണ അടച്ചുപൂട്ടൽ കാർഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

ജില്ലയിൽ കൃഷി കൂടുതലായി ചെയ്യുന്ന കീഴ്മാട്, വെങ്ങോല, കുന്നുകര, ചെങ്ങമനാട്, കരുമാല്ലൂർ, ആലങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകർ കോവിഡ്​ മൂലം ദുരിതം അനുഭവിക്കുകയാണ്. കീഴ്മാട്, ചെങ്ങമനാട്, കുന്നുകര തുടങ്ങിയ മേഖലകളിൽ കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത് മരച്ചീനിയും ഏത്തവാഴയുമാണ്. ഇവിടങ്ങളിൽ ഏക്കറുകണക്കിന് മരച്ചീനിയും ഏത്തവാഴയുമാണ് വിളവെടുപ്പിന് പാകമായിരുന്നത്.

ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രമായതോടെ മരച്ചീനിക്ക് ചെലവ് കുറഞ്ഞു. കാലവസ്ഥ മാറ്റവും കർഷകർക്ക് വിനയായി. ന്യൂനമർദം മൂലം ശക്തമായ മഴ പെയ്തതോടെ കൃഷിയിടങ്ങളിൽ വെള്ളം കയറി. റോഡരികിലും മറ്റുമായി കപ്പയും കായയും വിൽക്കാൻ കർഷകർ നേരിട്ടിറങ്ങി. എന്നാൽ, വളരെ കുറഞ്ഞ വില മാത്രമാണ് കർഷകർക്ക് ലഭിച്ചത്. വിളകൾ നശിക്കുമെന്ന ഘട്ടം വന്നതോടെ കോവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കപ്പയും കായയും സൗജന്യമായി നൽകുകയായിരുന്നു കർഷകർ. 

ജവഹർ കോളനിക്കാർക്ക് വെള്ളപ്പൊക്കം നിത്യദുരിതം

-എൻ.എ. സുബൈർ

കോതമംഗലം: തുടർച്ചയായി രണ്ടുദിവസത്തിൽ കൂടുതൽ മഴ പെയ്താൽ കുരൂർതോട്ടിൽ വെള്ളം ഉയരും. പിന്നെ കോതമംഗലം നഗരസഭ ഒന്നാം വാർഡ് ജവഹർ കോളനിവാസികൾക്ക് ഭീതിയുടെ ദിനരാത്രങ്ങളാണ്.

വീടകങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഇറങ്ങുന്നത് വരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനാണ് ഇവരുടെ വിധി. വർഷത്തിൽ മൂന്നുംനാലും തവണ ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്നു. 33 കുടുംബങ്ങളാണ് കോളനിയിലുള്ളത്. റോഡ് പുറമ്പോക്ക് പുനരധിവാസത്തി​െൻറ ഭാഗമായി വർഷങ്ങൾക്കുമുമ്പ് മാറ്റിപ്പാർപ്പിച്ചവരാണിവർ. മഴക്കാല ദുരിതത്തിന് അറുതിവരുത്താൻ ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് കഴിഞ്ഞ മഹാമാരിക്കാലത്ത് അധികൃതർ വാഗ്ദാനം നൽകിയെങ്കിലും പദ്ധതി കടലാസിൽതന്നെയാണ്.

മഴക്കാലത്ത് കുടുംബങ്ങൾക്ക് മാറിക്കഴിയാൻ സംവിധാനമൊരുക്കി കമ്യൂണിറ്റി സെൻറർ കോളനിയിൽതന്നെ നിർമിക്കാൻ തീരുമാനിച്ചിരുന്നു. 27 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മു​േമ്പ നിർമാണോദ്ഘാടനം നടത്തിയെങ്കിലും മണ്ണ് പരിശോധനപോലും പൂർത്തിയായിട്ടില്ല. 

10,000 രൂപ പോലും കിട്ടാതെ നിരവധി കുടുംബങ്ങൾ

-കെ.ആർ. സന്തോഷ് കുമാർ

കാലടി: അർഹമായ നഷ്​ടപരിഹാരം ലഭിക്കാതെ നിരവധി പേർ ദുരിതത്തിൽ. സർക്കാർ പ്രഖ്യാപിച്ച ആദ്യഘട്ട നഷ്​ടപരിഹാര തുകയായ 10,000 രൂപപോലും പലർക്കും ലഭിച്ചില്ല. വീട് പൂർണമായും തകർന്നവർക്ക് അർഹമായ തുക ലഭിക്കാത്തതിനാൽ പലരും കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഒരേ രീതിയിൽ നാശനഷ്​ടം സംഭവിച്ച വീടുകൾക്ക് 10,000 മുതൽ ഒന്നര ലക്ഷം രൂപ വരെ നഷ്​ടപരിഹാരമായി നൽകിയതിൽ വൻ ക്രമക്കേട് നടന്നതായും ആരോപണമുണ്ട്.തോടുകളും നീർച്ചാലുകളും സ്വകാര്യവ്യക്തികൾ കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് ചെറിയ മഴയിൽപോലും വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് സാഹ്യചര്യമൊരുക്കാൻ ഇതുവരെ അധികൃതർ മുൻകൈ​യെടുത്തിട്ടില്ല. 

വെള്ളപ്പൊക്ക കാരണം വല്ലാർപാടം റെയിൽപാതയുടെ താൽക്കാലിക ബണ്ട്

കൊച്ചി: കളമശ്ശേരി, ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപാതയുടെ ഭാഗമായി നിർമിച്ച താൽക്കാലിക ബണ്ടും നിർമാണ അവശിഷ്​ടങ്ങളുമാണെന്ന് ജലവിഭവ വകുപ്പി​െൻറ അന്വേഷണ റിപ്പോർട്ട്. ഇവ നീക്കിയാൽ മാത്രമേ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും പരിഹാരമാകൂവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മന്ത്രി പി. രാജീവി​െൻറ നിർദേശപ്രകാരം ജലവിഭവ വകുപ്പ് എക്സി. എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. വടുതല ഡോൺ ബോസ്കോ ലൈനിലെ കടവിനു സമീപം കായലിനു കുറുകെ വല്ലാർപാടത്തേക്കുള്ള റെയിൽവേ ലൈനി​െൻറ ഇരുവശത്തുമാണ് നീരൊഴുക്കിന് കാര്യമായ തടസ്സം. പെരിയാർ കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്. റെയിൽവേ പാതയുടെ നിർമാണത്തിനായി 2009ൽ ഇവിടെ താൽക്കാലിക ബണ്ട് നിർമിച്ചിരുന്നു. ഇതുവരെ ബണ്ട് നീക്കം ചെയ്തിട്ടില്ല. നിർമാണത്തി​െൻറ അവശിഷ്​ടങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്.

റെയിൽവേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റർ എക്കലും മണലും മറ്റു മാലിന്യവും അടിഞ്ഞ്​ തടസ്സം സൃഷ്​ടിച്ചിരിക്കുകയാണ്​. ടെർമിനൽ നടത്തിപ്പുകാരായ ഡി.പി വേൾഡ്, റെയിൽപാതയുടെ നിർമാണം കരാറെടുത്ത അഫ്കോൺസ് കമ്പനി എന്നിവരെയും മാലിന്യനീക്ക പദ്ധതിയുടെ ഭാഗമാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. തുടർനടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകുമെന്ന് പി. രാജീവ് അറിയിച്ചു.

Tags:    
News Summary - floods in ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.