കാക്കനാട്: തൃക്കാക്കര നഗരസഭാ കൗൺസിലർമാർക്ക് നൽകാൻ നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് ഗിഫ്റ്റ് കൂപ്പൺ കൈപ്പറ്റിയത് വിവാദമാകുന്നു. 5000 രൂപ വിലവരുന്ന 50 ഗിഫ്റ്റ് കൂപ്പണുകൾ സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു വൈസ് ചെയർമാൻ കൈപ്പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധവുമായെത്തി. കോൺഗ്രസിലെയും സ്വതന്ത്രരായ ചില കൗൺസിലർമാർക്കും വൈസ് ചെയർമാൻ ഗിഫ്റ്റ് കൂപ്പൺ നൽകിയെന്നും പറയപ്പെടുന്നു. 2021ൽ കൗൺസിലർമാർക്ക് പണക്കിഴി നൽകിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കെയാണ് ഇപ്പോൾ ഗിഫ്റ്റ് കൂപ്പൺ ആരോപണവും.
അതേസമയം, സംഭവത്തിന് പിന്നാലെ നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ബാങ്കിൽ എത്തി അന്വേഷണം നടത്തി. വൈസ് ചെയർമാൻ പി.എം യൂനിസിന് വീഴ്ച സംഭവിച്ചെന്നും ഗിഫ്റ്റ് കൂപ്പൺ സംഭവം താൻ അറിഞ്ഞിട്ടില്ലെന്നും കൂപ്പണ് പണം നൽകിയ കാര്യം ബാങ്ക് അധികൃതർ സമ്മതിച്ചതായും ചെയർപേഴ്സൺ രാധാമണിപിള്ള പറഞ്ഞു.
നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ളയുടെ അനുമതിയോടെയാണ് താൻ ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിയതെന്നും താൻ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും വൈസ് ചെയർമാൻ പി.എം. യൂനുസ് പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടന്നും യൂനിസ് വ്യക്തമാക്കി.
കാക്കനാട്: നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ളയുടെ അനുമതിയോടെയാണ്ഗിഫ്റ്റ് കൂപ്പണിനുള്ള ക്രമീകരണങ്ങൾ നടത്തിയതെന്നും താൻ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും വൈസ് ചെയർമാൻ പി.എം. യൂനുസ് പറഞ്ഞു. ജനുവരിയിൽ നടന്ന ബജറ്റ് അവതരണത്തോടുനുബന്ധിച്ച് കൗൺസിലർമാർക്കും ജീവനക്കാർക്കും ലാപ്ടോപ്പുകൾ നൽകാൻ നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ളയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ 'എ' ഗ്രൂപ്പ് കൗൺസിലർമാർ അടക്കമുള്ളവർ തീരുമാനമെടുത്തിരുന്നതായി പറയപ്പെടുന്നു. എന്നാൽ ബജറ്റവതരണം പാളിയതോടെ ലാപ്ടോപ്പുകൾ വാങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ''ഐ'' ഗ്രൂപ്പിലെ ചില കൗൺസിലർമാരും ചില പ്രതിപക്ഷ കൗൺസിലർമാരും രംഗത്തുവന്നതോടെ ലാപ്ടോപ്പ് വിതരണം വേണ്ടെന്നുവെച്ചു. ഐ ഗ്രൂപ്പിലെ അജിതാ തങ്കപ്പൻ ഓണക്കാലത്ത് 10000 രൂപ വീതം കൗൺസിലർമാർക്ക് ഓണക്കൈനീട്ടം നൽകിയെന്നാരോപിച്ച് അന്ന് പ്രതിപക്ഷത്തോടൊപ്പം 'എ' വിഭാഗം കൗൺസിലർമാരും ചേർന്നത് വൻ വിവാദമായിരുന്നു.
50000 രൂപ മൂല്യമുള്ള 50 ലാപ്ടോപ്പുകൾ വാങ്ങാൻ അരക്കോടി രൂപ വേണ്ടിവരുമെന്നതിനാലും വിവാദം ഭയന്നും ലാപ്ടോപ്പുകൾ വേണ്ടെന്നു വെക്കുകയായിരുന്നു. തുടർന്നാണ് 5000 രൂപയുടെ 50 ഗിഫ്റ്റ് കൂപ്പണുകൾ നൽകാൻ തീരുമാനമായത്. 17 പേർക്ക് കൂപ്പൺ നൽകിയതോടെ പ്രതിപക്ഷം എതിർപ്പുമായി രംഗത്ത് വരികയായിരുന്നു.
വൈസ് ചെയർമാനെതിരെ പ്രതിപക്ഷവും ഡി.വൈ.എഫ്.ഐയും
കാക്കനാട്: ഗിഫ്റ്റ് കൂപ്പൺ വിവാദത്തിൽ വൈസ് ചെയർമാന്റെ രാജിക്കായി പ്രതിപക്ഷാംഗങ്ങളും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, അജുന ഹാഷിം, അനിത ജയചന്ദ്രൻ, സെൽമ ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ വൈസ്.ചെയർമാന്റെ ക്യാബിനുമുന്നിൽ പ്രതിഷേധിച്ചത്. ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം ബ്ലോക്ക് സെക്രട്ടറി പി.ബി. ദീപക് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഹക്കീം അലിയാർ അധ്യക്ഷനായി. എം.എം.സജിത്ത് ,സൂരജ് ബാബു, ലൂക്ക്മാനുൽ ഹക്കീം, പി.ബി.എൽദോ, കെ.ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.