ശ്രീമൂലനഗരം: അരമണിക്കൂർ ഇടവേളയിൽ രണ്ട് ഡോഡ് വാക്സിൻ കിട്ടിയ ഞെട്ടലിൽ 83 വയസ്സുകാരി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ സൗത്ത് വെള്ളാരപ്പിള്ളി കുഴുപ്പള്ളി വീട്ടിൽ താണ്ടമ്മ പാപ്പു വ്യാഴാഴ്ചയാണ് കൈപ്ര സർക്കാർ ആശുപത്രിയിൽ മകനൊപ്പം താണ്ടമ്മ രണ്ടാം വാക്സിൻ എടുക്കാൻ പോയത്.
കുത്തിവെപ്പിനുശേഷം വിശ്രമമുറിയിൽ ഇരുന്നശേഷം രജിസ്റ്ററിൽ പേര് പറഞ്ഞുകൊടുത്ത് പുറത്തിറങ്ങി. ചെരിപ്പ് അന്വേഷിക്കുന്നതിനിടെ നഴ്സ് വന്ന് കുത്തിവെക്കാൻ വരാൻ പറഞ്ഞതായി കേൾവിശക്തി കുറവുള്ള താണ്ടമ്മ പറയുന്നു. കുത്തിെവച്ചതാണെന്ന് പറഞ്ഞെങ്കിലും ബലമായി പിടിച്ച് കസേരയിലിരുത്തി വീണ്ടും വാക്സിൻ നൽകുകയായിരുന്നു.
ആദ്യം കുത്തിെവച്ച ഭാഗത്ത് പഞ്ഞി ഇരിക്കുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ വീണ്ടും കുത്തിവെക്കുകയായിരുന്നു. തുടർന്ന് ശരീരത്തിന് തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടു. ശരീരം തണുത്ത് മരവിക്കുകയും ചെയ്തതോടെ ഡോക്ടർ എത്തി താണ്ടമ്മയെ പരിശോധിച്ചു.
നാവ് കുഴഞ്ഞുപോയതോടെ സംസാരിക്കാനും തടസ്സം നേരിട്ടു. തെറ്റ് തിരിച്ചറിഞ്ഞ നഴ്സുമാർ ഓടിയെത്തി പ്രാഥമികചികിൽസ നൽകി. മണിക്കൂറുകൾക്കുശേഷം ആരോഗ്യം വീണ്ടെടുത്ത താണ്ടമ്മ വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.