കൊച്ചി: പോക്സോ കോടതികളിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നും സയൻറിഫിക് ലാബുകളുടെ പ്രവർത്തനം ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് ൈഹകോടതിയിൽ കെൽസയുടെ ഹരജി. സംസ്ഥാനത്ത് തുടങ്ങിയ 17 പുതിയ പോക്സോ കോടതികളിൽ ഒമ്പതിടത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുള്ളൂവെന്നും സയൻറിഫിക് അസിസ്റ്റൻറുമാരുടെ ഒഴിവുകൾ നികത്താത്തതിനാൽ സയൻറിഫിക് ലാബുകളിൽനിന്ന് യഥാസമയം റിപ്പോർട്ടുകൾ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്.
സയൻറഫിക് ലാബുകളിലെ 64 ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടും നിയമനം വൈകുകയാണ്. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ 8176 പോക്സോ കേസുകൾ കോടതികളിൽ തീർപ്പാകാതെയുണ്ട്. പോക്സോ കേസുകൾ രണ്ട് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി തീർപ്പാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. പബ്ലിക് പ്രോസിക്യൂട്ടർമാരില്ലാത്തതിനാലും ലാബിൽ നിന്നുള്ള റിപ്പോർട്ട് വൈകുന്നതിനാലും ഇത്തരത്തിൽ കേസുകൾ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറി നൽകിയ ഹരജിയിൽ പറയുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 17 പുതിയ പോക്സോ കോടതികൾ തുടങ്ങിയതിൽ ഒമ്പതിടത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചതായി സർക്കാർ അറിയിച്ചു.
പോക്സോ കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം അവകാശപ്പെടുന്ന ഹരജി കോടതിയുടെ പരിഗണനയിലുള്ളതായും സർക്കാർ അറിയിച്ചു. അടുത്ത ദിവസംഹരജി പരിഗണിക്കുന്ന സാഹചര്യത്തിൽ പ്രോസിക്യൂട്ടർ നിയമനകാര്യത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് കോടതി സയൻറിഫിക് അസിസ്റ്റൻറുമാരുടെ നിയമനകാര്യത്തിൽ സർക്കാറിെൻറ വിശദീകരണം തേടി. തുടർന്ന് ഹരജി ആഗസ്റ്റ് 26ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.