പറവൂർ: മദ്യപിച്ച് ലക്കുകെട്ട യുവാക്കൾ പറവൂർ താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടി അത്യാഹിത വിഭാഗം അടിച്ചുതകർത്തു. കാബിനും ഉപകരണങ്ങളും നശിപ്പിച്ചു. പൊലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. സംഭവത്തിൽ പ്രതി കെടാമംഗലം സ്വദേശി അഖിലിനെ പിടികൂടി. സുഹൃത്തുക്കളായ മറ്റ് രണ്ടുപേർ ഓടിമറഞ്ഞു. ശനിയാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ശനിയാഴ്ച ഉച്ചവരെ ഒ.പി പ്രവർത്തിച്ചില്ല. കലക്ടർ എത്തി ഡോക്ടർമാർക്കും ജീവനക്കാർക്കും സംരക്ഷണം ഉറപ്പുനൽകിയതിനെത്തുടർന്ന് 12.30ഓടെയാണ് പ്രവർത്തനമാരംഭിച്ചത്.
അഖിലിെൻറ കൈവിരലിൽ ആഴത്തിൽ മുറിവുണ്ടായി ആശുപത്രിയിൽ എത്തിയതായിരുന്നു. മുറിവ് തുന്നിക്കെട്ടണമെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ച് പുറത്തേക്കിറങ്ങി. സുഹൃത്തുക്കളിൽ ഒരാൾ തടഞ്ഞു. തുടർന്ന് സുഹൃത്തിനെ അഖിൽ മർദിച്ചു. പിടിച്ചുമാറ്റാൻ ചെന്ന സുഹൃത്തിനെയും മർദിച്ചു. തുടർന്ന് കൂട്ടത്തല്ല് നടക്കുകയായിരുന്നു.
വി.ഡി. സതീശൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു. പൊലീസ് എയിഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ കലക്ടറോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.