കൊച്ചി: വീട്ടുജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. ചോറ്റാനിക്കര തലക്കോട് സ്കൂളിനു സമീപം വാടകക്ക് താമസിക്കുന്ന കോട്ടയം മണര്‍കാട് സ്വദേശിനി സുനിത സുനിലിനെയാണ് (38) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിലെ ഏജന്‍സി വഴിയാണ് കലൂരില്‍ താമസിക്കുന്ന വീട്ടുടമ വീട്ടുജോലിക്കാരിയെ നിയമിച്ചത്. ജോലിക്കായി വന്ന രണ്ടാമത്തെ ദിവസം ഉച്ചയോടെ തന്നെ വീട്ടില്‍നിന്ന് മടങ്ങിയ യുവതി പിന്നീട് വന്നില്ല. വീട്ടുടമ ചോദിച്ചപ്പോള്‍ മക്കള്‍ക്ക് സുഖമില്ല എന്ന മറുപടി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും 10,000 രൂപയും നഷ്ടപ്പെട്ടത് അറിഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്കി. ഇക്കാര്യത്തെ കുറിച്ച് സുനിതയോട് അന്വേഷിച്ചതില്‍ തനിക്കൊന്നും അറിയില്ലെന്നും പരാതിയില്‍ പറയുന്ന സമയത്ത് ഏറ്റുമാനൂരില്‍ കോണ്‍വെൻറില്‍ താമസിക്കുന്ന മക്കളുടെ കൂടെ ആയിരുന്നു എന്നും മറുപടി നല്കി.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കോണ്‍വെൻറില്‍ ചെന്നിട്ടില്ലെന്നും മോഷണം നടത്തിയ ആഭരണങ്ങള്‍ എവിടെയോ പണയം വെച്ചു എന്നും പൊലീസിന് സൂചന കിട്ടി. എന്നാല്‍, വാടകവീടുകളില്‍ മാറിമാറി താമസിക്കുന്ന ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ അന്വേഷണം വഴിമുട്ടി. ഒടുവില്‍ തലക്കോട് ഭാഗത്ത് ഒരുവീട്ടില്‍ ഇവര്‍ വാടകക്ക് താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അേന്വഷണത്തിലാണ് പിടിയിലായത്. മണർകാട്ടുള്ള സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ പണയം വെച്ചിരുന്ന ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
നോര്‍ത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, വനിത സി.പി.ഒ ശ്യാമ, സി.പി.ഒ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ഇന്‍ഫോപാർക്ക് പൊലീസ് സ്റ്റേഷനിലും സമാനമായ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.