മൂവാറ്റുപുഴ: യു.ഡി.എഫ് സർക്കാറിന്റ കാലത്ത് കൊണ്ടുവന്ന മൂവാറ്റുപുഴയിലെ ഐ.എ.എസ് അക്കാദമി നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടൽ നടത്തിയതായി മാത്യു കുഴല്നാടന് എം.എല്‍.എ അറിയിച്ചു. അക്കാദമി മറ്റൊരിടത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി അറിഞ്ഞപ്പോള്‍ തന്നെ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. ഒരു കാരണവശാലും മാറ്റാന്‍ കഴിയില്ലെന്ന വിവരം അവരെ അറിയിച്ചിരുന്നു. സെന്ററിന്റെ ആവശ്യകത ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതായും എം.എല്‍.എ പറഞ്ഞു. അക്കാദമിയെ ആശ്രയിച്ച് ഇവിടെ പഠിക്കുന്ന വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശങ്കയുണ്ട്. ഇത് പൂര്‍ണമായി മനസ്സിലാക്കിയുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. അക്കാദമി കൈവിട്ട് പോകാതെയുള്ള രാഷ്ട്രീയപരവും നിയമപരവുമായ എല്ലാവിധ ഇടപെടലുകളും നടത്തി അക്കാദമി നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി, കോട്ടയും ജില്ലകളിലെ ഗ്രാമീണ മേഖലയിലെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിനും സിവിൽ സർവിസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനും നിലകൊള്ളേണ്ട സ്ഥാപനമാണ് അക്കാദമിയെന്നും മാത്യു കുഴല്നാടന് പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്റെ ശ്രമഫലമായാണ് മൂവാറ്റുപുഴയിൽ സിവില്‍ സര്‍വിസ് അക്കാദമി അനുവദിച്ചത്. പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെനിന്ന് അടിസ്ഥാന സര്‍വിസ് പരീക്ഷ പരിശീലനം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.