കൊച്ചി: കുന്നത്തുനാട് താലൂക്കിൽ അനധികൃത പാറ ഖനനം നടത്തിയവർ പിഴ അടക്കണമെന്ന് റവന്യൂ വകുപ്പിെൻറ ഉത്തരവ്. പിഴക്കെതിരെ ക്വാറി ഉടമയായ പി.എൻ. രാജൻ സർക്കാറിന് സമർപ്പിച്ച റിവിഷൻ ഹരജിയിൻമേൽ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി ഹിയറിങ് നടത്തിയാണ് ഉത്തരവിട്ടത്.
കോടനാട് വില്ലേജിലെ ബ്ലോക്ക് ആറിൽ സ്വകാര്യ ഭൂമിയോട് ചേർന്ന മൂന്ന് ഏക്കറിലധികം സർക്കാർ ഭൂമിയിൽ 2006 മുതൽ 2014വരെ കരിങ്കൽ ഖനനം നടത്തിയെന്നാണ് കേസ്.
വി. ശ്രീകുമാർ, പി.എൻ. രാജൻ, ബോബി, ജെറാർദ് എന്നിവരുടെ പേരിലാണ് കരിങ്കൽ ഖനനം നടത്തിയതിന് ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുത്തത്. കുന്നത്തുനാട് തഹസിൽദാർ 2014ൽ സെപ്റ്റംബർ 10ന് നൽകിയ ഉത്തരവ് പ്രകാരം 16.16 ലക്ഷം രൂപ പിഴ അടക്കണമെന്നായിരുന്നു. തുടർന്ന് ഖനനാനുമതി നൽകരുതെന്ന് തഹസിൽദാർ ജിയോളജിസ്റ്റിനെ അറിയിച്ചു.
വസ്തു അളന്ന് തിട്ടപ്പെടുത്താൻ താലൂക്ക് സർവേയർക്ക് നിർദേശവും നൽകി. പരിശോധനയിൽ പതിവ് ഭൂമിയും പുറമ്പോക്ക് ഭൂമിയും ചേർന്നു കിടക്കുന്നതായി വ്യക്തമായി. വ്യാപകമായ തോതിൽ സർക്കാർ ഭൂമിയിൽനിന്ന് പാറ ഖനനം നടന്നതായും കണ്ടെത്തി. തുടർന്ന് ജിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ 5,87,821 മെട്രിക് ടൺ പാറ സർക്കാർ ഭൂമിയിൽനിന്ന് അനധികൃതമായി പൊട്ടിച്ച് നീക്കിയതായി റിപ്പോർട്ട് നൽകി.
ആകെ പിഴത്തുക, പാറ വില എന്നിവ ഉൾപ്പെടെ 11.57 കോടിയാണ് ചുമത്തിയത്. അനധികൃത ഖനനം കണ്ടെത്തിയ 2006 മുതൽ 2010വരെ ഇവർ ഭൂമി കൈവശം വെച്ചിരുന്നുവെന്നും കണ്ടെത്തി.
ക്വാറി ഉടമകളായ ശ്രീകുമാറിൽനിന്ന് 5.22 കോടിയും പി.എൻ. രാജൻ, ബോബി, ജെറാർദ് എന്നിവരിൽനിന്ന് 6.53 കോടിയും ഈടാക്കണമെന്നാണ് 2015 ആഗസ്റ്റ് 17ന് തഹസിൽദാർ ഉത്തരവിട്ടത്.
ഇതിനെതിരെ ആർ.ഡി.ഒക്ക് നൽകിയ അപ്പീൽ 2018 മേയ് അഞ്ചിന് തള്ളി. 2019ൽ കലക്ടർക്ക് സമർപ്പിച്ച അപ്പീലും നിരസിച്ചു. സർക്കാർ പുറമ്പോക്കുഭൂമി കൈയേറി അനധികൃത ഖനനം നടത്തിയിട്ടില്ലെന്ന ഉടമകളുടെ വാദം ഒരിടത്തും അംഗീകരിച്ചില്ല. ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. അതിനാൽ അപ്പീൽ വാദം നിലനിൽക്കുന്നെതന്ന് ലാൻഡ് റവന്യൂ കമീഷണറും വ്യക്തമാക്കി. സ്വകാര്യ ഭൂമിയിലെ ഖനനാനുമതിയുടെ മറവിൽ സർക്കാർ പുറേമ്പാക്ക് ഭൂമിയിൽനിന്ന് ഖനനം നടത്തുന്നവർക്കുള്ള താക്കീതാണ് റവന്യൂ വകുപ്പിെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.