കൊച്ചി: അതിവേഗ റെയിൽ (കെ-റെയിൽ) പദ്ധതിക്ക് ജില്ലയിൽ 298 ഏക്കർ ഏറ്റെടുക്കും. സംസ്ഥാനത്ത് 11 ജില്ലകളിലായി 2,360 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകാണ് വിജ്ഞാപനമിറക്കിയത്. ചെങ്ങന്നൂർ-എറണാകുളം, എറണാകുളം-തൃശൂർ എന്നിങ്ങനെ രണ്ടു മേഖലകളിലായാണ് ജില്ലയിലെ സ്ഥലങ്ങൾ ഉൾപ്പെടുന്നത്. ചെങ്ങന്നൂർ-എറണാകുളം മേഖലയിൽ പദ്ധതിക്ക് 158.83 ഏക്കറാണ് ഏറ്റെടുക്കുന്നത്.
ജില്ലയിലെ വില്ലേജുകളിലെ സ്ഥലങ്ങൾ ബ്ലോക്ക് തിരിച്ച്: കാക്കനാട് ബ്ലോക്ക് -ഒമ്പത്, കണയന്നൂർ ബ്ലോക്ക് -12, കുരീക്കാട് ബ്ലോക്ക് -11, തിരുവാങ്കുളം ബ്ലോക്ക് -10, കിഴക്കമ്പലം ബ്ലോക്ക് -10, കുന്നത്തുനാട് ബ്ലോക്ക് -36, പുത്തൻകുരിശ് ബ്ലോക്ക് -37, തിരുവാണിയൂർ ബ്ലോക്ക് -40, 41, പിറവം ബ്ലോക്ക് -അഞ്ച്, മണീട് എന്നിവിടങ്ങളിൽ ആകെ 158.83 ഏക്കറാണ് ഏറ്റെടുക്കുന്നത്.
എറണാകുളം-തൃശൂർ മേഖലയിൽ 139.46 ഏക്കറും ഏറ്റെടുക്കും. വില്ലേജ് കണക്കിൽ ആലുവ ഈസ്റ്റ് ബ്ലോക്ക് -32, 33, അങ്കമാലി ബ്ലോക്ക് -11, ചൊവ്വര ബ്ലോക്ക് -31, കീഴ്മാട് ബ്ലോക്ക് -35, നെടുമ്പാശ്ശേരി ബ്ലോക്ക് -എട്ട്, പാറക്കടവ് ബ്ലോക്ക്- നാല്, അഞ്ച്, കിഴക്കമ്പലം ബ്ലോക്ക് -25, കുന്നത്തുനാട് ബ്ലോക്ക് -36 വില്ലേജുകളുടെ ഭാഗങ്ങൾവരും. സ്ഥലമെടുപ്പിനായി പ്രത്യേകം തഹസിൽദാറെ നിയമിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളത്ത് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഓഫിസ് തുടങ്ങും. ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. സ്പെഷൽ തഹസിൽദാർ ഭൂമി ഏറ്റെടുക്കൽ ഓഫിസും തുടങ്ങും.
സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹികാഘാത പഠനം ഉടൻ തുടങ്ങും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആറുമാസംകൊണ്ട് പഠനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനകം പദ്ധതിക്ക് കേന്ദ്രാനുമതി ഉൾപ്പെടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.