കാലടി: എം.സി റോഡിലെ രൂക്ഷമായ ഗതാഗതക്കുരിക്കിന് പരിഹാരമായി ശ്രീശങ്കര പാലം മുതല്‍ മറ്റൂര്‍ ജങ്ഷന് വരെ സ്ഥാപിച്ച മീഡിയന് പ്രോജക്ടില്‍ നിന്ന് അധികൃതരുടെ നിസഹകരണം മൂലം പിന്മാറുകയാണെന്ന് കാലടി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന് അറിയിച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ടെത്തി നൽകിയ നിർദേശങ്ങളെ തുടര്‍ന്നാണ് മൂന്നുമാസം മുമ്പ് മീഡിയനുകള്‍ സ്ഥാപിച്ചത്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ 380 മീഡിയനുകള്‍ സ്ഥാപിച്ചിരുന്നു.
മീഡിയന് പുറമെ ബോര്‍ഡുകള്‍, എല്ലാ മീഡിയനുകള്‍ക്ക് മുകളിലും റിഫ്ലക്ടറുകള്‍, റിഫ്ലക്ടറുകള്‍ പതിച്ച ഡ്രമ്മുകള്‍, പി.വി.സി സ്പ്രിങ് സ്റ്റാൻഡുകള്‍, സോളാര്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വാഹനക്കുരുക്കിന് പരിധി വരെ ശമനമുണ്ടായിരുന്നു.
ഇപ്പോൾ സ്ഥാപിച്ച മീഡിയനും അനുബന്ധ സാമഗ്രികളും പലതും എടുത്തുമാറ്റിയ നിലയിലും, വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്ന നിലയിലുമാണ്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കാതെ അധികൃതര്‍ പൂര്‍ണ്ണമായി വിട്ടുനിൽക്കുകയാണ്. 31ന് മുമ്പ് എല്ലാ വകുപ്പുകളില്‍ നിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്നും മീഡിയനുകള്‍ എടുത്ത് മാറ്റുമെന്നും കാണിച്ച് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ക്ക് അസോസിയേഷന് കത്ത് നല്കി. കത്തിന്റെ പകര്‍പ്പ് ഗതാഗത മന്ത്രിക്കും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.