കളമശ്ശേരി: മുബൈ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റുണ്ടെന്ന് കബളിപ്പിച്ച് നഗരസഭ കൗൺസിലറിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി. കളമശ്ശേരി നഗരസഭ അംഗം മുട്ടാർ വാർഡ് കൗൺസിലർ കെ.യു. സിയാദിനെയാണ് വ്യാജ വെർച്വൽ അറസ്റ്റ് നടത്തി പണം തട്ടാൻ ശ്രമം നടത്തിയത്. ലഹരിമരുന്ന് വ്യാപാരത്തിലും കള്ളപ്പണ ഇടപാടിലും പങ്കുണ്ടെന്നും മുബൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ടെന്നും ഫോണിൽ അറിയിക്കുകയായിരുന്നു. 25 കോടിയുടെ തട്ടിപ്പ് നടത്തിയതിൽ കൗൺസിലർക്ക് 25 ലക്ഷം കമ്മീഷനായി ലഭിച്ചതായും പറഞ്ഞു.
സംഭവത്തിൽ മുബൈ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഉണ്ടായാൽ 45 ദിവസം ജയിലിൽ കഴിയേണ്ടി വരുമെന്നും കൗൺസിലറെ ഭയപ്പെടുത്താൻ ശ്രമിച്ചു. ആദ്യം വിശ്വസിച്ചെങ്കിലും, ആധാർ കാർഡും ബാങ്ക് അക്കൗണ്ട് നമ്പറും ചോദിച്ചതോടെ ചതിയാണെന്ന സംശയമായി. കേസിൽ വക്കീലിനെ ഏർപ്പെടുത്താൻ 6500 രൂപ ഉടനെ അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ അക്കൗണ്ടിൽ 270 രൂപ മാത്രയേ ഉള്ളൂവെന്ന് പറഞ്ഞതോടെ ഫോൺ കട്ടായി. കൗൺസിലർ ഉടനെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.