കളമശ്ശേരി: ദേശീയപാതയോരത്തെ തകർന്ന നടപ്പാതയും റോഡും തുറന്ന കാനയും ജനത്തിന് ദുരിതമായി. കളമശ്ശേരി നഗരസഭ നാലാം വാർഡിലെ പത്താം പിയൂസ് റോഡിന് സമീപത്തെ നടപ്പാതയും റോഡും തുറന്ന കാനയുമാണ് അപകടക്കെണി ഒരുക്കുന്നത്. മെട്രോ നിർമാണം പൂർത്തിയായ ഘട്ടത്തിൽ സൗന്ദര്യവത്കരിച്ചാണ് രാജഗിരി റോഡ് മുതൽ അപ്പോളോ ജങ്ഷൻ വരെ നടപ്പാത നിർമിച്ചത്.
എന്നാൽ, ഒരുവർഷം പിന്നിടുന്നതിന് മുമ്പേ മെട്രോ സ്റ്റേഷന് സമീപം മുതൽ പത്താം പിയൂസ് റോഡ് വരെ പാത തകർന്ന് നടക്കാൻ കഴിയാതെയായി. ദുരിതം നേരിൽകണ്ട സ്വകാര്യവ്യക്തി ഒരുവർഷം മുമ്പ് സ്വന്തം നിലയിൽ തകർന്ന ഭാഗങ്ങളിൽ വീണ്ടും കട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കി. എന്നാൽ, പാത വീണ്ടും തകർന്ന് നടക്കാൻ കഴിയാത്ത നിലയിലായി. പാതയിൽനിന്ന് പത്താം പിയൂസ് റോഡിലേക്ക് പ്രവേശിക്കുന്ന റോഡിലെ ഒരുഭാഗവും തകർന്ന നിലയിലാണ്. നൂറുകണക്കിന് ചെറുവാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.
വാഹനങ്ങളുടെ അടിഭാഗം കുഴിയിൽ ഇടിച്ചാണ് പോകുന്നത്. ഇതിന് സമീപം നടപ്പാതയായുള്ള കാനയുടെ സ്ലാബും തകർന്ന് തുറന്ന് കിടക്കുകയാണ്. ഹോട്ടൽ മാലിന്യം നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന കാനയിൽ മഴക്കാല ശുചീകണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഇതുമൂലം ദുർഗന്ധത്താൽ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. വിഷയം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.