കളമശ്ശേരി: എടയാർ വ്യവസായ മേഖലയിലെ 20 കമ്പനികളിൽ ബയോഫിൽറ്ററുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പഠന റിപ്പോർട്ട്. വായുമലിനീകരണത്തെക്കുറിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) നടത്തിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ദുർഗന്ധം മൂലം ജീവിതം ദുസ്സഹമായ ഏലൂരിലെയും പരിസരപ്രദേശങ്ങളിലെയും റബർ, എല്ല്, മത്സ്യം, കോഴി സംസ്കരണശാലകളിലായിരുന്നു പഠനം. ഏലൂർ നഗരസഭ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് ഉയരുന്നത്.
പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ മലിനീകരണ നിയന്ത്രണ ബോർഡ് പഠനം നടത്താൻ എൻ.ഐ.ഐ.എസ്.ടിയെ ചുമതലപ്പെടുത്തുകയായിരുന്നു.
20 കമ്പനികളിൽ നെൽകതിർ, പഞ്ചമി, നാഷനൽ ഇൻഡസ്ട്രീസ്, ജെ.കെ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിൽ ദീർഘകാലമായി ബയോഫിൽറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്നും സൺറൈസ്, റബർ ഒ മലബാർ, എസ്.ആർ എന്റർപ്രൈസസ് എന്നിവിടങ്ങളിൽ വായുമലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദുർഗന്ധത്തിന് കാരണമാകുന്ന കമ്പനികളിൽ എത്തിക്കുന്ന അസംസ്കൃത വസ്തുക്കൾ അടച്ചിട്ട വാഹനങ്ങളിൽ മാത്രമേ എത്തിക്കാവൂ, ഇവ സൂക്ഷിക്കുന്ന സ്ഥലം മൂടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ബയോഫിൽറ്റർ പോലുള്ള ശാസ്ത്രീയ ദുർഗന്ധനിയന്ത്രിത സംവിധാനവുമായി ബന്ധിപ്പിക്കുകയും വേണം.
കൂടാതെ, അസംസ്കൃത വസ്തുക്കൾ സമയമെടുക്കാതെ സംസ്കരിക്കണം. വിദഗ്ധ ടെക്നീഷനും മലിനജല ശുദ്ധീകരണ പ്ലാന്റും ഉണ്ടായിരിക്കണം. ഇതിലെ ചളി ശാസ്ത്രീയമായി നീക്കണം. 30 മീറ്റർ ഉയരത്തിൽ ചിമ്മിനി സ്ഥാപിക്കണം. ആറുമാസത്തിലൊരിക്കൽ ബയോഫിൽറ്റർ സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്തണം തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കണമെന്നുമാണ് പഠനറിപ്പോർട്ടിലുള്ളത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എടയാറിലെ 20 വ്യവസായശാലകൾക്ക് പി.സി.ബി നോട്ടീസ് നൽകി. മാർച്ച് 31നകം ബയോഫിൽറ്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.