കളമശ്ശേരി: മുൻ ഫാക്ട് സി.എം.ഡി എം.കെ.കെ. നായർ ഏലൂരിൽ സ്ഥാപിച്ച ഫാക്ട് ടൗൺഷിപ് സ്കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. സ്കൂൾ നടത്തിയിരുന്ന കമ്പനി ജീവനക്കാർ ഉൾപ്പെട്ട ഫാക്ട് എജുക്കേഷനൽ സർവിസ് സൊസൈറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ സ്കൂൾ തിരികെ ഫാക്ടിനെ ഏൽപിച്ചതിനെത്തുടർന്നാണ് അനിശ്ചിതത്വം. ഇതോടെ എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ 126ഓളം വരുന്ന കുട്ടികളും 26 അധ്യാപകരും ജീവനക്കാരുമാണ് ആശങ്കയിലായത്.
ഫാക്ട് പുതിയ ടെൻഡർ ഇടുന്നതിനോ സ്കൂൾ തുടരുമെന്നത് സംബന്ധിച്ചോ ഒരുറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രവുമല്ല, പുതിയ അഡ്മിഷൻ എടുക്കരുതെന്ന നിർദേശവും ലഭിച്ചിട്ടുണ്ട്.
തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ അടിയന്തര പി.ടി.എ ജനറൽബോഡി ബുധനാഴ്ച വിളിച്ചിരിക്കുകയാണ്. സ്വകാര്യ മാനേജ് മെന്റ് നടത്തിവന്ന സ്കൂൾ 2015ലാണ് സൊസൈറ്റി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. 2022ലും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും കരാർ പുതുക്കിനൽകുകയായിരുന്നു.
ലൈസൻസ് ഫീ ഇനത്തിൽ 22.5 ലക്ഷം രൂപയും വൈദ്യുതി, വെള്ളം തുടങ്ങിയ ഇനത്തിൽ രണ്ടുലക്ഷം രൂപയും നടത്തിപ്പുകാർ ഫാക്ടിന് നൽകാനുണ്ട്. ഇക്കാരണങ്ങളാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.