കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാമ്പസിലെ ചുറ്റുമതിൽ നിർമാണവും യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്കിടയിലുണ്ടായിട്ടുള്ള ആശങ്കകൾ അകറ്റുമെന്ന് സർവകലാശാല സിന്‍ഡിക്കേറ്റ്. യു.ജി.സിയും നാക് ഉള്‍പ്പെടെ ഏജന്‍സികളും കാമ്പസ് സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ നിര്‍ദേശങ്ങളും കാമ്പസിലെ വാഹന ബാഹുല്യവും സാമൂഹികവിരുദ്ധരുടെ ശല്യവും സംബന്ധിച്ച് വിദ്യാര്‍ഥികളുടെ പരാതികളും പരിഗണിച്ചാണ് ചുറ്റുമതിൽ നിര്‍മാണവും വാഹന നിയന്ത്രണവും വേഗത്തിലാക്കാൻ സര്‍വകലാശാല തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിയമ, വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കലക്ടർ എൻ.എസ്.കെ. ഉമേഷ്, നഗരസഭ കൗണ്‍സിലർ ജമാൽ മണക്കാടൻ, മുൻ നഗരസഭ കൗണ്‍സിലർ എ.കെ. ബഷീർ, സി.പി.എം. നേതാവ് വി.എ. സക്കീർ ഹുസൈൻ എന്നിവരും കുസാറ്റ് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ ശിപാര്‍ശകൾ ഒരുമാസം മുമ്പ് ചേർന്ന കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ഇതനുസരിച്ച് വേണ്ട നടപടികൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരം റേഷന്‍കട കവലയിൽ സര്‍വകലാശാലയുടെ പഴയ എഫ് ടൈപ്പ് ക്വാര്‍ട്ടേഴ്സിന്റെ കിഴക്കുവശത്തുള്ള ഏഴു സെന്റ് സ്ഥലം പൊതുജനങ്ങള്‍ക്ക് ഒത്തുകൂടാൻ പാര്‍ക്ക് ഉണ്ടാക്കാൻ സര്‍വകലാശാലയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തി വിട്ടുനല്‍കുകയും ഇവിടെ എം.എൽ.എ ഫണ്ട് ചെലവഴിച്ച് സ്റ്റേജ് അടക്കമുള്ള സൗകര്യങ്ങൾ നിര്‍മിക്കുകയും ചെയ്യും.
റേഷൻ കട ജങ്ഷൻ മുതൽ പടിഞ്ഞാറോട്ട് പൈപ്പ്ലൈൻ റോഡ് വരെയും തെക്കോട്ട് കുഞ്ഞാലിമരക്കാർ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ജങ്ഷൻ വരെയും നിലവിലുള്ള പൈപ്പ്ലൈൻ റോഡിന് സമാന്തരമായി റോഡ് ഉണ്ടാക്കാൻ സർവകലാശാല സ്ഥലം വിട്ടുനല്‍കും.
റോഡിനുള്ള സ്ഥലം സർവകലാശാല ഉടമസ്ഥാവകാശം നിലനിര്‍ത്തി സാമ്പത്തികബാധ്യത വരാത്ത വിധമായിരിക്കും വിട്ടുനല്‍കുക.
കാമ്പസ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങള്‍ക്ക് സ്റ്റിക്കർ നല്‍കും.
കാമ്പസിനുള്ളിലും ഹോസ്റ്റൽ കോമ്പൗണ്ടിലും സ്റ്റിക്കർ ഇല്ലാത്ത മറ്റു വാഹനങ്ങൾ പാര്‍ക്ക് ചെയ്യരുത്. സർവകലാശാല ജിം, സ്റ്റുഡന്റ് അമിനിറ്റി സെന്റർ, സ്പോര്‍ട്സ് അരീന, പാര്‍ക്ക് അടക്കമുള്ള യൂനിവേഴ്സിറ്റി സൗകര്യങ്ങൾ ജീവനക്കാര്‍ക്കും വിദ്യാർഥികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ചുറ്റുമതിൽ നിർമിക്കാൻ ടെൻഡർ വിളിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
അതേസമയം, ദേശീയപാത മുതൽ സര്‍വകലാശാല വരെ ഫുട്പാത്ത് നിർമാണവും കാനകളുടെ നവീകരണവും കൊച്ചി മെട്രോയുടെ സഹകരണത്തോടെ നടന്നുവരുകയാണ്.
കേസരി വായനശാല ജങ്ഷനിലും മണ്ണൊപ്പിള്ളി ഭാഗത്തുമുള്ള റോഡിന്റെ വളവുകൾ നിവാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.