കളമശ്ശേരി: വിദേശജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഇന്നോ വിക്സ് സ്റ്റഡി അബ്റോഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമ അറസ്റ്റിൽ. തൃക്കാക്കര കൊല്ലംകുടിമുകൾ റോഡ്, ക്രിസ്റ്റൽ ഗാർനെറ്റ് വില്ലയിൽ താമസിക്കുന്ന ബിജു ജോസഫാണ് (48) അറസ്റ്റിലായത്. കളമശ്ശേരി കുസാറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ലൈസൻസ് ഇല്ലാതെ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് വർക്ക്പെർമിറ്റ് ശരിയാക്കിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് ഒട്ടേറെ ഉദ്യോഗാർഥികളിൽനിന്ന് പണം കൈപ്പറ്റിയിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും വിദേശത്ത് ജോലി ശരിയാകാതെ വന്നപ്പോൾ ആളുകൾ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, സ്ഥാപന ഉടമ ബിജു ജോസഫും സ്റ്റാഫ് അഞ്ജുവും ഒഴികിഴിവുകൾ പറഞ്ഞ് ആളുകളെ മടക്കി അയക്കുകയായിരുന്നു. ഇതേതുടർന്ന് ഒട്ടേറെപ്പേർ കളമശ്ശേരി സ്റ്റേഷനിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം തൃക്കാക്കരയിൽ മറ്റൊരു പേരിൽ പ്രവർത്തിച്ചിരുന്നതായും ആളുകൾ നിരന്തരമായി പരാതിപ്പെട്ടതിനെത്തുടർന്ന് സ്ഥാപനം കഴിഞ്ഞവർഷം അടച്ചുപൂട്ടിയതായും അറിഞ്ഞു.
ഇന്നോ വിക്സ് എന്ന പേരിൽ കുസാറ്റ് റോഡിൽ വീണ്ടും പ്രവർത്തനം ആരംഭിച്ച് അനധികൃത റിക്രൂട്ടിങ് നടത്തുന്നതായും വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ അഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. ഉദ്യോഗാർഥികളെ കബളിപ്പിച്ച ശേഷം യു.എ.ഇയിലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിൽ തിരിച്ചെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കാക്കനാട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.