കളമശ്ശേരി: ശുദ്ധജല തടാകം രാസമാലിന്യവും സെപ്റ്റിക് മാലിന്യവും ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ കമ്പനികൾ 15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് പി.സി.ബി. കളമശ്ശേരി നഗരസഭ സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകത്തിലേക്ക് സെപ്റ്റിക് മാലിന്യവും രാസമാലിന്യവും ഒഴുക്കിയതുമായി ബന്ധപ്പെട്ട് കിൻഫ്ര ഗോൾഡ് സൂക്കിന് നൽകിയ സ്ഥലത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് മലിനീകരണ നിയന്ത്രണ ബോർഡ് കർശന നിർദേശം നൽകിയത്. പി.സി.ബിയുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ 15 ദിവസത്തിനകം അനുമതി എടുക്കണം. അല്ലെങ്കിൽ അടച്ചുപൂട്ടും.
തടാക മലിനീകരണവുമായി ബന്ധപ്പെട്ട് കിൻഫ്രയിൽ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. സ്ഥലത്ത് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ക്വാർട്ടേഴ്സുകൾ നീക്കംചെയ്യണം. ജീവനക്കാർക്ക് ജോലിസമയത്ത് വിശ്രമകേന്ദ്രം അനുവദനീയമാണ്. 38 കമ്പനി പ്രതിനിധികൾ പങ്കെടുക്കേണ്ടേ യോഗത്തിൽ 30 പേരാണ് പങ്കെടുത്തത്.
ഇതേസമയം, മലിനജലം ഒഴുക്കിവിടാൻ നിർമിച്ച കനാൽ നഗരസഭ യന്ത്രം ഉപയോഗിച്ച് മണ്ണിട്ടുമൂടി. ഇതിനുള്ള ചെലവുകൾ കമ്പനികളിൽനിന്ന് ഈടാക്കും. സംഭവത്തിൽ മറ്റൊരു കമ്പനിയുടെ ഭൂമിയിലൂടെ തോട് കുഴിച്ച് തടാകത്തിലേക്ക് മാലിന്യം ഒഴുക്കിയതിന് കിൻഫ്ര അധികൃതർ ഗോൾഡ് സൂക്കിന് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.