കളമശ്ശേരി: എൻ.എ.ഡി ചുറ്റുമതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചചെയ്യാൻ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഹൈബി ഈഡൻ എം.പിക്കും കൗൺസിലർ മുഹമ്മദ് ഫെസിക്കുമെതിരെ രൂക്ഷ വിമർശനം. നഗരസഭയിലെ ആറുമുതൽ 13 വരെയുള്ള വാർഡുകളിലെ ജനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന നിലയിൽ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ആയുധ സംഭരണ കേന്ദ്രം (എൻ.എ.ഡി) ചുറ്റുമതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചചെയ്യാൻ വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷത്തുനിന്ന് വിമർശനം ഉയർന്നത്.
30 വർഷമായി നഗരസഭയിലെ എട്ടോളം വാർഡുകളിൽ താമസിക്കുന്നവർ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാരമ്പരാഗത വഴികൾ മതിൽ കെട്ടുന്നതോടെ അടഞ്ഞുപോകും. ഇതിനെതിരെ വാർഡുകളിൽനിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും താമസക്കാരും ഒത്തുചേർന്ന സർവകക്ഷി യോഗത്തിൽ നിർമാണത്തിനെതിരെ നഗരസഭയോട് ശക്തമായ ഇടപെടൽ നടത്താൻ തീരുമാനമെടുത്തിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ ഏഴാംവാർഡ് കൗൺസിലർ മുഹമ്മദ് ഫെസി എം.പിക്കൊപ്പം സതേൺ നേവൽ കമാൻഡിങ് ഇൻ ചീഫ് എം.എ ഹമ്പിടിഹോളിയുമായി കൂക്കാഴ്ച നടത്തുകയും നിർമാണം തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചതായി അറിയിക്കുകയായിരുന്നു. സർവകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായി കൗൺസിലർ എം.പിയുമായി നേരിൽകണ്ട് വിഷയം ചർച്ചചെയ്തതിനാലാണ് വിമർശനം ഉയർന്നത്. ചർച്ച നടന്ന വിഷയം തങ്ങളറിഞ്ഞില്ലയെന്ന ചെയർപേഴ്സൻ സീമ കണ്ണൻ അടക്കം കൗൺസിലിൽ പറഞ്ഞതോടെയാണ് കൗൺസിലർ ടി.എ. അസൈനാറുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തുനിന്ന് രൂക്ഷ വിമർശനം ഉയർന്നത്.
എന്നാൽ, സർവകക്ഷി യോഗം അവഗണിച്ച് എം.പിക്കൊപ്പം എൻ.എ.ഡി ഉദ്യോഗസ്ഥരെ കാണാൻ പോയതല്ലായെന്നും എൻ.എ.ഡി തടസ്സപ്പെടുത്തിയതിനെ തുടർന്ന് തന്റെ വാർഡിലെ ഒരു റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. ഇക്കാര്യം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാനാണ് എം.പി വിളിച്ചപ്പോൾ നേവൽ ഉദ്യോഗസ്ഥരെ കാണാൻ പോയതെന്ന് കൗൺസിലർ മുഹമ്മദ് ഫെസി കൗൺസിലിൽ വിശദീകരിച്ചത്. വിഷയത്തിൽ നിലവിൽ വിട്ടുതന്നിട്ടുള്ള അതേ വീതിയിൽ സ്ഥലം വിട്ട് റിങ് റോഡ് നിർമിക്കാൻ എൻ.എ.ഡിയോട് ആവശ്യപ്പെടാൻ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ച് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.