കൊച്ചി: തദ്ദേശ തെരെഞ്ഞടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോർപറേഷനിൽ 14 മാസമായി സെക്രട്ടറിയില്ലാത്തത് വികസനപ്രവർത്തനങ്ങളെയടക്കം പിന്നോട്ടടിക്കുന്നു. ദൈനംദിന കാര്യങ്ങൾക്ക് പല സമയത്തും റീജനൽ ജോയൻറ് ഡയറക്ടർക്കും അഡീഷനൽ സെക്രട്ടറിക്കും കോർപറേഷൻ സെക്രട്ടറിയുടെ അധിക ചുമതല ഇപ്പോൾ നൽകുകയാണ്. എന്നാൽ, നിർണായകമായ ഫയലുകളിലും സാമ്പത്തിക ഇടപാടുകൾ കൈകാര്യം െചയ്യേണ്ട ഫയലുകളിലും ഒപ്പിടാൻ താൽക്കാലിക ചുമതലക്കാർ വിസമ്മതം കാട്ടുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
അവശ്യസമയങ്ങളിൽ സെക്രട്ടറിയുടെ സേവനം കിട്ടാതെ വരുന്നതിനാൽ ഭരണപ്രതിസന്ധിവരെ ഉണ്ടാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പൂർണ ചുമതലയുള്ള സെക്രട്ടറിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തദ്ദേശഭരണ മന്ത്രി, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ െസക്രട്ടറി എന്നിവർക്ക് ഡെപ്യൂട്ടി മേയർ കെ.ആർ. േപ്രമകുമാർ പരാതി നൽകി. റീജനൽ ജോയൻറ് ഡയറക്ടറായ കെ.പി. വിനയനാണ് കോർപറേഷൻ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയത്. ഒരു വർഷം മുമ്പ് സെക്രട്ടറിയായിരുന്ന അനു.എസ്, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയായി സ്ഥലംമാറി പോയശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് എം.ഡി രാഹുൽ ആർ. പിള്ളക്ക് സെക്രട്ടറിയുടെ അധികച്ചുമതല നൽകി.
അദ്ദേഹത്തിന് കോർപറേഷൻ കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കാനാകാതെ വന്നതോടെയാണ് റീജനൽ ജോയൻറ് ഡയറക്ടർ കെ.പി. വിനയന് അധികച്ചുമതല നൽകിയത്. തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ ഉള്ളതിനാൽ അഡീഷനൽ സെക്രട്ടറിക്ക് താൽക്കാലിക ചുമതല നൽകി. എന്നാൽ, പൂർണ ചുമതല നൽകി സർക്കാർ ഉത്തരവ് കിട്ടാത്തത് കാരണം അഡീഷനൽ സെക്രട്ടറിക്ക് കോർപറേഷെൻറ പല ഫയലിലും ചെക്കുകളിലും ഒപ്പുവെക്കാൻ കഴിയാത്ത സാഹചര്യമാണ്. മാത്രവുമല്ല, രണ്ട് മാസത്തിനകം വിരമിക്കാനിരിക്കുന്നതിനാൽ പലപ്പോഴും അദ്ദേഹം അവധിയിലുമാണ്.
സാമ്പത്തിക വർഷം പകുതി കഴിഞ്ഞതിനാൽ വാർഷിക പദ്ധതിയുൾപ്പെടെ പല പ്രോജക്ടുകളും സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. അതിനാൽ ഒരു മുഴുസമയ സെക്രട്ടറിയെയും അഡീഷനൽ സെക്രട്ടറിയെയും നിയമിക്കണമെന്നാണ് ഡെപ്യൂട്ടി മേയർ കത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.