കൊച്ചി മെട്രോക്ക് 5 വയസ്സ്, ഇന്ന്​ 5 രൂപക്ക്​ എവിടെയും പോകാം; വേഗത്തേരിൽ പുത്തൻ കുതിപ്പിലേക്ക്

കൊച്ചി: വെള്ളിയാഴ്ച അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന കൊച്ചി മെട്രോ അതിന്‍റെ കുതിപ്പിന് പുതിയവഴി തുറന്നു. തൃപ്പൂണിത്തുറ പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെ ഏതാനും ദിവസങ്ങൾക്കകം യാത്രക്കായി തുറക്കും. അവിടെനിന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ജങ്ഷനിലേക്കും നിർമാണം പുരോഗമിക്കുകയാണ്. അതുകഴിഞ്ഞാൽ കലൂരിൽനിന്ന് കാക്കനാട്ടേക്ക് നീട്ടലാണ് ലക്ഷ്യം.

മെ​ട്രോ ഡേ ​ആ​യി ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച കൊ​ച്ചി മെ​ട്രോ​യി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് അ​ഞ്ച് രൂ​പ​യാ​യി കു​റ​ച്ചു. ഏ​തു സ്റ്റേ​ഷ​നി​ലേ​ക്കു​മു​ള്ള ഏ​തു ടി​ക്ക​റ്റി​നും ഇ​ള​വ്​ ബാ​ധ​ക​മാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി എ​ടു​ക്കു​ന്ന ടി​ക്ക​റ്റു​ക​ള്‍ക്കും അ​ഞ്ച് രൂ​പ ന​ല്‍കി​യാ​ല്‍ മ​തി. കൊ​ച്ചി വ​ണ്‍ കാ​ര്‍ഡ് ഉ​പ​യാ​ഗി​ക്കു​ന്ന​വ​ര്‍ക്കും ഈ ​ഇ​ള​വ് ല​ഭി​ക്കും. ട്രി​പ് പാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് സാ​ധാ​ര​ണ നി​ര​ക്കാ​യി​രി​ക്കും ബാ​ധ​ക​മെ​ങ്കി​ലും ഈ​ടാ​ക്കി​യ തു​ക​യി​ല്‍നി​ന്ന്​ അ​ഞ്ച് രൂ​പ കി​ഴി​ച്ചു​ള്ള ബാ​ക്കി തു​ക കാ​ഷ് ബാ​ക്കാ​യി അ​ക്കൗ​ണ്ടി​ല്‍ ക്ര​ഡി​റ്റ് ചെ​യ്യും.

കൊച്ചിയുടെ മുഖഛായതന്നെ തിരുത്തിയ മെട്രോ 2013 ജൂണിലാണ് നിർമാണം തുടങ്ങിയത്. ആലുവയിൽനിന്ന് പാലാരിവട്ടം വരെ 13.2 കിലോമീറ്റർ ദൂരം 2017 ജൂൺ 17നാണ് ഉദ്ഘാടനം ചെയ്തത്. അതേവർഷം ഒക്ടോബർ മൂന്നിന് പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ 4.96 കിലോമീറ്റർകൂടി തുറന്നതോടെ ആകെ 16 സ്റ്റേഷനുകൾ നിലവിൽവന്നു. സൗത്ത് റെയിൽവേ സ്റ്റേഷനും വൈറ്റില ജങ്ഷനും കടന്ന് മെട്രോ തൈക്കൂടത്ത് എത്തിയത് 2019 സെപ്റ്റംബർ മൂന്നിനാണ്. 25.16 കിലോമീറ്റർ പാതയിലെ അവസാന സ്റ്റേഷനായ പേട്ടയിലേക്കുള്ള സർവിസ് 2020 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. അവിടവും കടന്ന് 1.8 കിലോമീറ്ററുള്ള പേട്ട -എസ്.എൻ ജങ്ഷൻ പാത നിർമാണം പൂർത്തിയായി സുരക്ഷ പരിശോധനയും പൂർത്തിയായി. ഇതിനിടയിൽ രണ്ട് സ്റ്റേഷനുകളാണ് ഉള്ളത്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ജങ്ഷനിലേക്കുള്ള 1.2 കിലോമീറ്റർ പാത കൂടി പൂർത്തിയായാൽ കോട്ടയം ഭാഗത്തുനിന്ന് ട്രെയിനിൽ എത്തുന്നവർക്ക് തൃപ്പുണിത്തുറയിൽ ഇറങ്ങി കൊച്ചി നഗരത്തിലേക്കും ആലുവയിലേക്കും എളുപ്പത്തിൽ യാത്ര തുടരാം.

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും വിശാലമായ പാർക്കിങ് സൗകര്യവും ഉണ്ടാവും. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിച്ച് മേൽപാലവും സജ്ജീകരിക്കുന്നുണ്ട്. 2023 ജൂണിൽ ഇത് പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിദിനം 65,000ൽ അധികം യാത്രക്കാരാണ് ഇപ്പോൾ മെട്രോയിൽ സഞ്ചരിക്കുന്നത്. അത് ലക്ഷത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആറുമാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് കെ.എം.ആർ.എൽ കണക്കുകൂട്ടുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടാനോ കുറക്കാനോ ഉദ്ദേശമില്ലന്ന് അധികൃതർ അറിയിച്ചു. ആലുവയിൽനിന്ന് പേട്ട വരെ 60 രൂപ നിരക്കിൽതന്നെ പുതിയ സ്റ്റേഷനായ എസ്.എൻ ജങ്ഷനിലേക്കും പോകാം. സ്ഥിരം യാത്രക്കാർക്ക് നൽകുന്ന ട്രിപ്പ് കാർഡ് ഉപയോഗിച്ചാൽ നിരക്കിൽ 33 ശതമാനം കുറവ് ലഭിക്കും. മെട്രോ കാർഡ് ഉള്ളവർക്ക് 20 ശതമാനമാണ് ഡിസ്കൗണ്ട്.

കലൂർ ജെ.എൻ.എൽ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട പിങ്ക് പാതക്കുള്ള സ്ഥലമെടുപ്പ് നടപടിയും റോഡുകളുടെ വീതികൂട്ടലും ഉൾപ്പെടെ ജോലികൾ പുരോഗമിക്കുകയാണ്. 11.2 കിലോമീറ്റർ പാതയിൽ 10 സ്റ്റേഷനുകൾ ഉണ്ടാവും. ഇതിന് ഇനിയും അന്തിമാനുമതിയായിട്ടില്ല.


Tags:    
News Summary - Kochi metro enter into fifth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.