മട്ടാഞ്ചേരി: വാത്തുരുത്തിയിലെ പഴയ കൊച്ചിൻ എയർപോർട്ടിൽനിന്ന് അവസാനത്തെ സിവിലിയൻ യാത്രാവിമാനം പറന്നുയർന്നിട്ട് ഞായറാഴ്ച 21 വർഷം തികയുന്നു. 1999 സെപ്റ്റംബർ 27നാണ് അവസാന വിമാനം വിടവാങ്ങൽ ചടങ്ങായ 'ഡിപ്പ് സല്യൂട്ട്' സ്വീകരിച്ച് പറന്നുയർന്നത്. നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളം പൂർത്തിയായതോടെയാണ് ചരിത്രമുറങ്ങുന്ന വാത്തുരുത്തിയിലെ കൊച്ചി വിമാനത്താവളത്തിന് താഴുവീണത്.
അന്തർ ദേശീയ സർവിസുകൾ നെടുമ്പാശേരിയിലേക്ക് മാറ്റി ആഭ്യന്തര സർവിസുകൾ പഴയ കൊച്ചി വിമാന താവളത്തിൽ നിലനിറുത്താൻ പദ്ധതിയിട്ടിരുന്നു. 1999 മേയ് 25 ന് രാജ്യാന്തര വിമാനത്താവളം നെടുമ്പാശേരിയിൽ ഉദ്ഘാടനം ചെയ്യുകയും ജൂൺ പത്തിന് സർവിസുകൾ ആരംഭിക്കുകയും ചെയ്തതോടെ തീരുമാനം മാറ്റി. പിന്നീട് നാവികസേനക്ക് കൊച്ചി വിമാനത്താവളം കൈമാറി.
കര, വായു, റെയിൽ, ജലം തുടങ്ങിയ ഗതാഗത സൗകര്യങ്ങൾ സമന്വയിപ്പിച്ചായിരുന്നു കൊച്ചി തുറമുഖ ശിൽപ്പിയായിരുന്ന സർ റോബർട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് ഹാർബർ എൻജിനീയർ വാത്തുരുത്തിയെന്ന കൊച്ചുദ്വീപിനോട് ചേർന്ന് 800 ഏക്കർ സ്ഥലം നികത്തി കൊച്ചി തുറമുഖം പടുത്തുയർത്തിയത്. അതിൽ വിമാനത്താവളത്തിനും പ്രത്യേക സൗകര്യമൊരുക്കി. 1939ൽ രണ്ടാം ലോകയുദ്ധത്തോടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. കൊച്ചി വിമാനതാവളം നാവിക വിമാനത്താവളമാക്കി ബ്രിട്ടൻ മാറ്റി. യുദ്ധം തുടങ്ങുന്നതിന് കുറച്ചു ദിവസം മുൻപ് ബ്രിട്ടീഷ് നാവികസേന വിഭാഗമായ റോയൽ നേവി കൊച്ചിയിലെത്തുകയും ചെയ്തു. ക്യാപ്റ്റൻ എൽ. വേർഡ് സൺ ആയിരുന്നു ഓഫിസർ ഇൻ ചാർജ്. ഫോർട്ടുകൊച്ചിയിലെ സൈനിക ബാരക്കുകളിലായിരുന്നു നാവികർക്ക് താമസമൊരുക്കിയത്.
യുദ്ധം മുറുകിയതോടെ കൊച്ചി നാവിക താവളത്തിെൻറ പ്രാധാന്യം വർധിച്ചു. തുടർന്ന് ബ്രിസ്റ്റോയുടെ ഇടപെടലുകളെ തുടർന്ന് 1941 സെപ്റ്റംബറിൽ വെണ്ടുരുത്തിയിൽ നാവിക സേന താവളത്തിനായി 50 ഏക്കർ സ്ഥലം അനുവദിച്ചു. പിന്നീട് 1943 ജൂൺ 23നാണ് ഐ.എൻ.എസ് വെണ്ടുരുത്തി ഉദ്ഘാടനം ചെയ്തത്.
രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെയാണ് കൊച്ചി വിമാനത്താവളം സിവിലിയൻ ആവശ്യങ്ങൾക്കായി ഉപയോഗിച്ചത്. മുംബൈ, കൽക്കത്ത, ചെന്നൈ, ബംഗളുരു, ഡൽഹി എന്നിവിടങ്ങളിലേക്ക് യാത്രക്കാരെയും വഹിച്ച് ഇവിടെനിന്ന് വിമാനങ്ങൾ പറന്നുയർന്നു.
തുറമുഖത്തിെൻറ വികസനത്തോടെ വ്യവസായ വാണിജ്യ ആവശ്യങ്ങൾക്ക് വിമാനങ്ങളിൽ വന്നു പോകുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെയാണ് ചെറുകിട വിമാനങ്ങൾക്ക് പകരം ബോയിങ് വിമാനങ്ങൾ ലാൻഡ് ചെയ്ത് തുടങ്ങിയത്. കൊച്ചിയിൽ രാജ്യാന്തര വിമാന താവളമെന്ന ആശയം ശക്തമായതോടെയാണ് നെടുമ്പാശ്ശേരിയിൽ സ്ഥലം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.